വിവാദ പ്രസ്താവന നടത്തിയതില്‍ മാപ്പ് പറഞ്ഞ് സ്റ്റൈല്‍ മന്നന്‍ രജിനികാന്ത്. വേദാന്ത കമ്പനിയുടെ സ്‌റ്റെര്‍ലൈറ്റ് കമ്പനിക്കെതിരെ സമരം നടത്തിയവര്‍ക്കതിരെയായിരുന്നു രജിനികാന്ത് വിവാദ പ്രസ്താവന നടത്തിയിരുന്നത്. പോലീസ് വെടിവെപ്പിനെ ന്യായീകരിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്. ഇത് പ്രതിഷേധത്തിന് കാരണമായിരുന്നു. എന്നാല്‍ ഇതില്‍ ക്ഷമ ചോദിച്ച് രജിനികാന്ത് ട്വീറ്റ് ചെയ്യുകയായിരുന്നു. താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പതിമൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ പോലീസ് നടപടിയെ ന്യായീകരിച്ചായിരുന്നു രജിനികാന്ത് രംഗത്തെത്തിയത്. പൊലീസിന് നേരെ ആക്രമണം ഉണ്ടായപ്പോഴാണ് പോലീസ് വെടിവച്ചതെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം. അക്രമം നടത്തിയത് സാമൂഹ്യ ദ്രോഹികളാണെന്നും എല്ലാ കാര്യത്തിനും സമരം നടത്തിയാല്‍ തമിഴ്‌നാട് ചുടുകാടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വേദാന്ത റിസോഴ്‌സസിന്റെ കീഴിലുള്ള സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രദേശവാസികള്‍ ദീര്‍ഘകാലമായി സമരത്തിലായിരുന്നു. പരസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ പ്രതിഷേധത്തിന് ഒരുങ്ങിയത്. സമരത്തിന്റെ നൂറാം ദിവസം നടന്ന മാര്‍ച്ചിലായിരുന്നു സമരക്കാര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ 12 പേരാണ് കൊല്ലപ്പെട്ടത്.