തമിഴ് സിനിമകളെ ട്രോളിക്കൊണ്ടുള്ള മിര്‍ച്ചി ശിവയുടെ തമിഴ് പടം 2 ടീസര്‍ എത്തി. തുപ്പറിവാലന്‍, മങ്കാത്ത, വിവേഗം, മേര്‍സല്‍, തുപ്പാക്കി, വിക്രംവേദ, 24 അങ്ങനെ മിക്ക ചിത്രങ്ങളുടെയും സ്പൂഫ് രംഗങ്ങള്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദിഷ പാണ്ഡെ, ഐശ്വര്യ മേനോന്‍, സതീഷ്, മനോബാല, കസ്തൂതി എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. തമിഴ് റോക്കേര്‍സിനെ ട്രോളിയാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇവര്‍ പുറത്തിറക്കിയത്. തമിഴ്‌നാട് രാഷ്ട്രീയ നേതാവ് പനീര്‍ ശെല്‍വം ജയലളിതയുടെ ശവകുടീരത്തില്‍ ധ്യാനം ചെയ്തതിനെയും കളിയാക്കി പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.
ടീസറിന് മുന്നോടിയായി ശങ്കറിന്റെ ബ്രഹ്മാണ്ഡചിത്രം 2.0യെയും അണിയറ പ്രവര്‍ത്തകര്‍ പരിഹസിച്ചിരുന്നു. 2.0യുടെ ടീസര്‍ ഐപിഎല്‍ ഫൈനല്‍ മത്സരവേദിയില്‍ കാണിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് മാറ്റിവെയ്ക്കുകയാണെന്നും അവര്‍ പിന്നീട് അറിയിച്ചു. സിജിഐ, ഗ്രാഫിക്‌സ് വര്‍ക്കുകള്‍ മുഴുവനായി തീരാത്തതു കൊണ്ടാണ് മാറ്റിവെയ്‌ക്കേണ്ടി വന്നത്.
ഇവര്‍ ഈ സന്ദര്‍ഭവും പ്രചാരണതന്ത്രമാക്കി. തമിഴ്പടം 2വിനും വലിയ രീതിയില്‍ വിഷ്വല്‍ ഇഫക്ട്‌സ് ബാക്കി ഉണ്ട്. കാരണം അതിലെ പ്രമുഖതാരങ്ങളെയെല്ലാം നല്ല വെളിച്ചത്തില്‍ തന്നെ കാണിക്കണം. നായകന്റെ മസില്‍, ബോഡിപാര്‍ട്ട്‌സ് ഇവയുടെ വര്‍ക്ക് അമേരിക്കയില്‍ നടക്കുകയാണ്. നടിയുടെ കണ്ണും പുരികവും മറ്റും മാറ്റിവെയ്ക്കല്‍ ആംസ്റ്റര്‍ഡാമിലും. ഇത്രയും വലിയ വിഎഫ്എക്‌സ് പൂര്‍ത്തികരിക്കാനുള്ളതുകൊണ്ട് ഞങ്ങള്‍ റിലീസ് കുറച്ച് മുന്നോട്ട് വെയ്ക്കുകയാണ്.'ഇങ്ങനെയായിരുന്നു ഐപിഎല്‍ ഫൈനല്‍ സമയത്ത് തമിഴ്പടം 2 ടീം പുറത്തിറക്കിയ കുറിപ്പ്. പല സിനിമകളില്‍ നിന്നുള്ള പ്രശസ്തമായ കഥാപാത്രങ്ങളെയും രംഗങ്ങളെയും കളിയാക്കി പുനരവതരിപ്പിച്ച് മറ്റൊരു സിനിമയില്‍ കൊണ്ടുവരുന്നതാണ് സ്പൂഫ് സിനിമകള്‍. ഹോളിവുഡിലാണ് ഇത്തരം പരീക്ഷണങ്ങള്‍ ആദ്യം നടന്നത്. സ്‌കേറി മൂവിയാണ് ഈ വിഭാഗത്തിലെ ആദ്യ ചിത്രം. എപിക് മൂവി, മീറ്റ് ദ് സ്പാര്‍ട്ടന്‍സ്, ഡിസാസ്റ്റര്‍ മൂവി ഇവയെല്ലാം ഹോളിവുഡിലെ മികച്ച സ്പൂഫ് സിനിമകളാണ്.