ന്യൂദല്‍ഹി- തമിഴ്‌നാട്ടില്‍ ആര്‍ എസ് എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈവേയിലൂടെയുള്ള റൂട്ട് മാര്‍ച്ച് അനുവദിക്കാന്‍ കഴിയില്ലെന്ന് കാണിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍ ആര്‍ എസ് എസ് റൂട്ട് മാര്‍ച്ച് വിലക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ നല്‍കിയ ഹരജിയിലാണ് റൂട്ട് മാര്‍ച്ചിന് ഹൈക്കോടതി അനുമതി നല്‍കിയത്. മാര്‍ച്ചിന് അനുമതി നല്‍കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തി ദിനത്തിലാണ് റൂട്ട് മാര്‍ച്ച് നടത്തുമെന്ന് ആര്‍ എസ് എസ് അറിയിച്ചിരുന്നത്. എന്നാല്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ കാരണം നിരത്തുകളില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍ എസ് എസിന് അനുമതി നിഷേധിച്ച സിംഗിള്‍ ജഡ്ജി ഉത്തരവ് ജസ്റ്റിസുമാരായ ആര്‍ മഹാദേവനും മുഹമ്മദ് ഷഫീഖും റദ്ദാക്കി. മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി റൂട്ട് മാര്‍ച്ചിന് മൂന്ന് തിയതികള്‍ നല്‍കാനും പോലിസിന്റെ അനുമതിക്ക് അപേക്ഷിക്കാനും നിര്‍ദ്ദേശിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)