കൊച്ചി- ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാമത് സീസണ് ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ സീസണിന്റെ ലോഗോയും പുറത്തുവിട്ട് കഴിഞ്ഞു. ഷോയില്‍ ആരൊക്കെ പങ്കെടുക്കുന്നു എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയായിട്ടില്ലെങ്കിലും പല പേരുകളും സോഷ്യല്‍ മീഡിയയിലടക്കം കേള്‍ക്കുന്നു. അങ്ങനെ കേട്ട ഒരു പേരാണ് സന്തോഷ് വര്‍ക്കിയുടേത്. ആറാട്ട് ചിത്രത്തിന്റെ റിവ്യൂ പറഞ്ഞു കൊണ്ട് ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വര്‍ക്കി. ബിഗ്ബോസില്‍ മത്സരാര്‍ത്ഥിയായി സന്തോഷ് വര്‍ക്കിയും ഉണ്ടായിരിക്കും എന്ന ഊഹാപോഹങ്ങള്‍ വന്നിരുന്നു. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സന്തോഷ്. ബിഗ് ബോസിലേക്ക് തന്നെ ഇതുവരെ ആരും വിളിച്ചിട്ടില്ലെന്നാണ് സന്തോഷ് വര്‍ക്കി പ്രതികരിച്ചത്. ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ക്ഷണിച്ചാലും തനിക്ക് ബിഗ് ബോസില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പി എച് ഡി ചെയ്യുകയാണെന്നും സ്കോളര്‍ഷിപ്പ് ഉള്ളതുകൊണ്ട് ചില പ്രശ്നങ്ങളുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ് തുടങ്ങി ചില പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഷോയില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ ചിലപ്പോള്‍ പങ്കെടുക്കുമെന്നും സന്തോഷ് വര്‍ക്കി പറയുന്നുണ്ട്. ലാലേട്ടനെ കാണാനുള്ള ആഗ്രഹം കൊണ്ടാണ് ബിഗ്ബോസില്‍ പോകാന്‍ താല്പര്യം എന്നും സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 26ന് പുതിയ സീസണിന്റെ ഗ്രാന്‍ഡ് ലോഞ്ച് നടത്തി പുതിയ മത്സരാര്‍ഥികളെ പരിചയപ്പെടുത്താനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ മുംബൈയിലാണ് സെറ്റിട്ടിരിക്കുന്നത്. ഇത്തവണ സര്‍പ്രൈസായി ബിഗ് ബോസ് നല്‍കുന്നത് മത്സരാര്‍ഥികളുടെ കൂട്ടത്തില്‍ പൊതുജനത്തില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുന്നുണ്ട്. അത് എങ്ങനെയാണെന്നുള്ള നടപടിക്രമങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ സീസണില്‍ അവതരിപ്പിച്ച 24 മണിക്കൂര്‍ ലൈവ് സ്ട്രീമിങ്ങ് ഇത്തവണയുമുണ്ട്.