കൊല്‍ക്കത്ത- വംശനാശഭീഷണി നേരിടുന്ന പാമ്പ് ഇനമായ ഇരുതലയന്‍ മണ്ണൂലിയെ (റെഡ് സാന്‍ഡ് ബോവ) പിടികൂടിയതിന് ബെലാക്കോബ ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ ഡാര്‍ജിലിംഗ് വനമേഖലയില്‍ നിന്ന് നാല് പേരെ അറസ്റ്റ് ചെയ്യുകയും പാമ്പിനെ രക്ഷപ്പെടുത്തുകയും ചെയ്തു.
വംശനാശഭീഷണി നേരിടുന്ന പാമ്പിന്റെ അനധികൃത കച്ചവടവുമായി ബന്ധപ്പെട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ നേപ്പാളിലേക്ക് പാമ്പിനെ എത്തിക്കാനൊരുങ്ങുകയായിരുന്നുവെന്നാണ് വനപാലക സംഘം പറയുന്നത്. അരിന്ദം സര്‍ക്കാര്‍, പസാങ് ലാമ ഷെര്‍പ്പ, അബവര്‍ മിയ, ജഗദീഷ് റോയ് എന്നിവരാണ് പ്രതികള്‍.
റെഡ് സാന്‍ഡ് ബോവ വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ്, 1972ലെ വന്യജീവി (സംരക്ഷണം) നിയമ പ്രകാരം സംരക്ഷിക്കപ്പെട്ട പാമ്പാണിത്.
ഇന്ത്യയില്‍, പലേടത്തും പ്രത്യേകിച്ച് ഗുജറാത്തില്‍, അന്ധവിശ്വാസങ്ങള്‍ കാരണം 'ഡോ മുവാ' എന്നറിയപ്പെടുന്ന ഇരട്ടത്തലയന്‍ മണ്ണൂലി നിഷ്‌കരുണം കൊല്ലപ്പെടുന്നു. അതിന്റെ രക്തം കുടിക്കുന്നത് അമാനുഷിക ശക്തി നല്‍കുമെന്നാണ് ദുര്‍മന്ത്രവാദികളുടെ വിശ്വാസം. ബോവയുടെ മാംസം എയ്ഡ്‌സ്, ആസ്ത്മ, ഉദ്ധാരണക്കുറവ് എന്നിവയെ സുഖപ്പെടുത്തുമെന്നതും തെറ്റിദ്ധാരണയാണ്. പാമ്പുകളുടെ മേല്‍ ചുറ്റിക അടിക്കുന്നത് ആത്മാക്കളെ ശാന്തമാക്കുമെന്ന് കരുതപ്പെടുന്നു.
രാജ്യാന്തര വിപണിയിലും റെഡ് സാന്‍ഡ് ബോവസിന് ആവശ്യക്കാരേറെയാണ്. വിദേശ മൃഗങ്ങളെ വളര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഇത് വില്‍ക്കുന്നു. ഓരോ പാമ്പിനും അന്താരാഷ്ട്ര വിപണിയില്‍ ശരാശരി 4 ലക്ഷം രൂപ വിലയുണ്ട്.
കാഴ്ചയില്‍ പെരുമ്പാമ്പുകളോടും അണലികളോടും സാദൃശ്യമുള്ള വിഷമില്ലാത്ത ഒരിനം പാമ്പാണ് മണ്ണൂലി. ചേനത്തണ്ടന്‍ ആണെന്ന് തെറ്റിധരിച്ച് ഇന്ത്യയില്‍ വ്യാപകമായി തല്ലി കൊല്ലുന്ന പാമ്പ് ആണ് മണ്ണൂലി അഥവാ സാന്‍ഡ് ബോവ. മണ്ണിനടിയില്‍ കൂടുതല്‍ സമയം വസിക്കുന്നതിനാലാണ് ഇവ മണ്ണൂലി എന്നറിയപ്പെടുന്നത്. ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ ഇവ കാണപ്പെടുന്നു. പ്രസവിക്കുന്ന ഇനം പാമ്പുകളാണ് മണ്ണൂലികള്‍. ഒരു പ്രസവത്തില്‍ പതിനാലു കുട്ടികള്‍വരെ ഉണ്ടാകുന്നു. ചെറിയ ഇനം എലികളേയും ചിലപ്പോള്‍ ചെറിയ പാമ്പുകളേയും ഭക്ഷിക്കാറുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)