സാമ്പാർ മുന്നണിയെ കുറിച്ച് ജനങ്ങൾ മറന്നിട്ടില്ല -കുഞ്ഞാലിക്കുട്ടി
മലപ്പുറം- ജമാഅത്തെ ഇസ്‌ലാമി നേതാക്കൾ ആർ.എസ്.എസുമായി ചർച്ച നടത്തിയതിന് യു.ഡി.എഫിനെതിരെ തിരിയുന്ന സി.പി.എം സാമ്പാർമുന്നണിയുടെ കാര്യം ജനങ്ങൾ മറന്നിട്ടില്ലെന്ന് ഓർക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ ഉയർത്തിയ ആരോപണം വിചിത്രമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള സി.പി.എമ്മിന്റെ കൗശലമാണിത്. വിലക്കയറ്റം, ഇന്ധന സെസ് തുടങ്ങിയ പ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം.
എത്രയോ കാലമായി ജമാഅത്തെ ഇസ്‌ലാമി സി.പി.എമ്മിനൊപ്പമാണ്. യു.ഡി.എഫിനെതിരെ സാമ്പാർ മുന്നണിയുണ്ടാക്കിയല്ലേ അവർ മത്സരിച്ചത്. മലപ്പുറം ജില്ലയിൽ പലയിടത്തും ഇത് കാണാനാകും. നാട്ടുകാരുടെ ഓർമയെ പരിഹസിക്കരുത്. ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസും തമ്മിലുള്ള ചർച്ചക്ക് ഒരു പ്രസക്തിയുമില്ല. അത് ആധികാരികവുമല്ല. അതിന്റെ പേരിൽ യു.ഡി.എഫിനെതിരെ ആരോപണമുയർത്തി വിവാദങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണ്. സി.പി.എം നടത്തുന്ന ജാഥക്ക് മരുന്നിടാനുള്ളതാണ് ഈ ആരോപണം. യു.ഡി.എഫ് ഭരണകാലത്ത് ഇന്ധനത്തിന്റെ നികുതി കുറച്ചു. ഇടതുസർക്കാർ അവരുടെ പ്രഖ്യാപിത നികുതി നയത്തിനെതിരായാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇത് ജനങ്ങളെ ഏറെ വിഷമത്തിലാക്കും. സാമ്പത്തിക പ്രതിസന്ധിയുണ്ടായത് സർക്കാരിന്റെ സാമ്പത്തിക നയ വൈകല്യം മൂലമാണ്. പണമില്ലെന്ന് പറഞ്ഞ് എല്ലാ നികുതികളും അവർ ഉയർത്തിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി അവരുടെ ദേശീയ നയത്തിന്റെ ഭാഗമായാണ് യു.ഡി.എഫിനൊപ്പം സ്വയം പിന്തുണ പ്രഖ്യാപിച്ച് വന്നത്. അവരുമായി സഖ്യമുണ്ടാക്കിയത് ഇടതുപക്ഷമാണ്. പൊന്നാനിയിൽ അവർ ഒന്നിച്ച് മത്സരിച്ചില്ലെ. വെൽഫെയർ പാർട്ടി യു.ഡി.എഫിന്റെ സഖ്യകക്ഷിയല്ല. അതാത് സമയങ്ങളിൽ അവർ നിലപാട് പറയുമെന്നല്ലാതെ യു.ഡി.എഫുമായി യാതൊരു അഡ്ജസ്റ്റ്‌മെന്റുമില്ല. നേതാക്കൾ തമ്മിൽ ചർച്ചകൾ നടത്തിയെന്നതു കൊണ്ട് അതിനെ രാഷ്ട്രീയ സഖ്യമായി കാണാനാകില്ല. സി.പി.എം വിചാരിക്കുമ്പോൾ ജമാഅത്തെ ഇസ്‌ലാമിയെ തള്ളിപ്പറയേണ്ട കാര്യം മുസ്‌ലിം ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആർ.എസ്.എസുമായി ജമാഅത്തെ ഇസ്‌ലാമി ചർച്ച നടത്തേണ്ട സാഹചര്യമൊന്നമല്ല ഇന്ത്യയിലുള്ളത്. ബി.ജെ.പി വർഗീയത വളർത്തി രാഷ്ട്രീയ ചൂഷണം നടത്തി കൊണ്ടിരിക്കുകയാണ്. ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് ചർച്ച ചെയ്തതു കൊണ്ടൊന്നും ഇടതുപക്ഷത്തിന് ജനകീയ പ്രതിഷേധങ്ങളിൽ നിന്ന് രക്ഷപ്പെടാനാകില്ല.കേന്ദ്രത്തിനെതിരെ ഇടതുമുന്നണി നടത്തുന്ന നീക്കങ്ങളിൽ യു.ഡി.എഫിന്റെ പിന്തുണയുണ്ടാകും.എന്നാൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളെ അവർ തന്നെ പരിഹരിക്കണം.ഇന്ധന സെസ് കൊണ്ടു വന്നതു കൊണ്ടാണ് ജനങ്ങൾ പ്രക്ഷോഭം നടത്തുന്നത്.അത് കുറച്ചാൽ മുഖ്യമന്ത്രിക്ക് ഭയപ്പെടാതെ സഞ്ചരിക്കാനാകുമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
സംരംഭക വർഷത്തിന്റെ പേരിൽ തട്ടുകടകളുടെ കണക്കെടുത്താണ് സർക്കാർ പട്ടികയുണ്ടാക്കിയത്.ഗൾഫിൽ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഒരു പാട് പേർ ചെറിയ കച്ചവടങ്ങൾ നടത്തിയിട്ടുണ്ട്.അതൊക്കെ സംരംഭമാണെന്ന് പറയുന്നത് ശരിയല്ല.കള്ളക്കണക്കുണ്ടാക്കി വികസനമുണ്ടാകുന്നുവെന്ന് പറയുകയാണ് സർക്കാർ ചെയ്യുന്നത്.
സമസ്ത പുറത്താക്കിയ ഹക്കീം ഫൈസി ആദൃശേരിയുമായി പാണക്കാട് സാദിഖലി തങ്ങൾ വേദി പങ്കിട്ടത് യാദൃശ്ചികമായി സംഭവിച്ചതാണ്. സമസ്തയെ വെല്ലിവിളിച്ചതാണെന്ന പ്രചാരണം തെറ്റാണ്. സമസ്തക്കൊപ്പം തന്നെയാണ് മുസ്‌ലിം ലീഗ് എന്നും നിലകൊള്ളുന്നത്. സമസ്തയുമായി അഭിപ്രായ വ്യത്യാസം ലീഗിനില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അതാത് സമയങ്ങളിൽ ചർച്ച ചെയ്ത് പരിഹരിക്കും -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)