കാസർകോട് ജമാഅത്തെ ഇസ്‌ലാമിയും ആർ.എസ്.എസും തമ്മിൽ നടന്ന ചർച്ച പ്രധാന രാഷ്ട്രീയ വിഷയമാക്കി ഉയർത്തി കൊണ്ടുവരികയാണ് സി.പി.എം. ഇന്ധന സെസ് അടക്കമുള്ള കേരളത്തിലെ ബജറ്റ് വിവാദവും പ്രതിപക്ഷ സമരം ഉയർത്തുന്ന കോലാഹലങ്ങളും മറയ്ക്കാൻ ആർ.എസ്.എസ്ജമാഅത്തെ ഇസ്‌ലാമി ചർച്ച, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ പ്രധാന പ്രചാരണ വിഷയമാക്കാനാണ് നീക്കം. ചർച്ചയിൽ അസംതൃപ്തരായ ബി.ജെ.പി അനുഭാവികളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും തങ്ങളിലേക്ക് അടുപ്പിക്കാനുള്ള അടവ് നയം കൂടി ഇതിന്റെ പിന്നിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ലീഗിലെ സാധാരണക്കാരായ അണികളെയും സി.പി.എം ലക്ഷ്യമിടുന്നു.
യാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം കാസർകോട് നിന്ന് ആരംഭിക്കുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട എം.വി ഗോവിന്ദൻ ജമാഅത്തെ ഇസ്‌ലാമി മുഴുത്ത വർഗീയവാദികൾ തന്നെയാണെന്ന് പറഞ്ഞാണ് ആഞ്ഞടിച്ചത്. രാജ്യത്തെ ഏറ്റവും വലിയ വർഗീയവാദികളാണ് ജമാഅത്തെ ഇസ്‌ലാമിയും അവരുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയും. മോഹന വാഗ്ദാനങ്ങൾ നൽകിയാണ് ഇവർ ആളുകളെ ചേർക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്തെ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചു കശാപ്പ് ചെയ്യുന്ന കക്ഷികളുമായി ചർച്ചക്ക് പോയതിന്റെ കാരണം വെളിപ്പെടുത്താത്തതും എം.വി ഗോവിന്ദൻ ചോദ്യം ചെയ്യുന്നു. എന്താണ് ചർച്ച ചെയ്തതെന്ന് സമൂഹത്തോട് പറയാൻ എന്തിനു മടിക്കുന്നു എന്നും അദ്ദേഹം ചോദിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. കാസർകോട് കുമ്പളയിൽ തിങ്കളാഴ്ച നടന്ന ജനകീയ പ്രതിരോധ യാത്രയുടെ ഉദ്ഘാടനവേദിയിലാണ് ചർച്ചയെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി പ്രതികരിച്ചത്.
ആ വിഷയം ഏറ്റെടുത്ത എം.വി ഗോവിന്ദനും മുഖ്യമന്ത്രി പറഞ്ഞതിൽ തെറ്റില്ലെന്നും കോൺഗ്രസ്, ലീഗ്, വെൽഫെയർ പാർട്ടി ത്രയം തന്നെയാണ് അതിന്റെ പിന്നിലെന്നും ആവർത്തിച്ചു. ആർ.എസ്.എസ് ആവശ്യപ്പെട്ടതിനുസരിച്ചാണ് ചർച്ച നടന്നതെന്നും, തനിച്ചല്ല ചർച്ച നടത്തിയതെന്നും 14 മുസ്‌ലിം സംഘടനകളുടെ സംയുക്ത വേദിയുടെ ഭാഗമായാണ് ചർച്ച നടത്തിയതെന്നും അതുകൊണ്ട് അതിൽ പിശകില്ലെന്നുമുള്ള വിചിത്ര വാദമാണ് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീർ പി. മുജീബ്‌റഹ്മാൻ ഉയർത്തുന്നതെന്നും എം.വി ഗോവിന്ദൻ പരിഹസിച്ചു.
ഈ വിഷയം ഉയർത്തി ഇസ്‌ലാമോഫോബിയ പടർത്താനാണ് സി.പി.എം ശ്രമമെന്ന് പറയുന്ന ജമാഅത്തെ ഇസ്‌ലാമി ഏറ്റവും കുടുതൽ ഇസ്‌ലാമോഫോബിയ പടർത്തുന്ന ആർ.എസ്.എസുമായി ചർച്ച നടത്തുന്നത് എന്തിനായാണ്. ആർ.എസ്.എസുമായി സന്ധി നടത്തി എന്താണ് നേടാൻ പോകുന്നതെന്ന് അവർ വ്യക്തമാക്കണം. ഹിന്ദു വർഗീയവാദികൾ ന്യൂനപക്ഷങ്ങൾക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങൾ എല്ലാവർക്കും അറിയുന്നതാണ്.
മുസ്‌ലിം വിഭാഗങ്ങളാണ് പ്രധാനമായും വേട്ടയാടപ്പെടുന്നത്. ക്രിസ്ത്യൻ വിഭാഗത്തിനെതിരെയുള്ള കടന്നാക്രമണവും തുടരുകയാണ്. കായികമായ ആക്രമണവും, ദേവാലയങ്ങൾ തകർക്കുന്നതും തുടരുന്നു.
എൺപതോളം ക്രിസ്ത്യൻ സംഘടനകൾ ചേർന്ന് ദൽഹിയിൽ വലിയ പ്രതിഷേധം ഈ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചു. വലിയ ആക്രമണം നടക്കുന്ന 21 സംസ്ഥാനങ്ങളെ അവർ ചൂണ്ടിക്കാട്ടിയപ്പോൾ അതിൽ കേരളമില്ല എന്നത് അഭിമാനകരമായ നേട്ടമാണെന്നും സിപിഎം സെക്രട്ടറി പറഞ്ഞുവെക്കുന്നുണ്ട്.