ഈരാറ്റുപേട്ട - സംഘ്പരിവാർ വിരുദ്ധ വിദ്യാർഥി കൂട്ടായ്മകൾക്ക് തുരങ്കംവെക്കുന്ന നടപടിയാണ് എസ്.എഫ്.ഐ കേന്ദ്ര സർവകലാശാലകളിൽ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം. സാമൂഹിക ജീവിതത്തിന്റെ എല്ലാ തുറകളിലും ഫാസിസം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരായ ആദിവാസി-ദലിത്-മുസ്‌ലിം കൂട്ടായ്മകളുടെ മുന്നണികൾക്കെതിരെ സ്വന്തമായി മത്സരിക്കുകയും എ.ബി.വി.പിക്ക് വിജയം എളുപ്പമാക്കിക്കൊടുക്കുകയും ചെയ്യുന്ന നടപടിയാണ് എസ്.എഫ്.ഐ വിവിധ കേന്ദ്ര സർവകലാശാല കാമ്പസുകളിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ഫ്രറ്റേണിറ്റി സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എ.ബി.വി.പിയുടെ ഭീഷണി നിലനിൽക്കുന്ന ഹൈദരാബാദ് യൂനിവേഴ്‌സിറ്റി കാമ്പസിൽ വിശാല വിദ്യാർഥി രാഷ്ട്രീയ മുന്നണി രൂപീകരിക്കുന്നതിനെതിരെ സ്വന്തമായി മത്സരിക്കുകയാണ് എസ്.എഫ്.ഐ. എൻ.എസ്.യു.ഐ, ട്രൈബൽ സ്റ്റുഡന്റ്‌സ് യൂനിയൻ, എം.എസ്.എഫ്, ഫ്രറ്റേണിറ്റി സഖ്യത്തിനെതിരെ ഒറ്റക്ക് നിന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എ.ബി.വി.പി ജയിക്കാനുള്ള സാഹചര്യമാണ് ഇവിടെയും എസ്.എഫ്.ഐ ഒരുക്കിക്കൊണ്ടിരിക്കുന്നത്. എസ്.എഫ്.ഐയുടെ ഈ ഇരട്ടത്താപ്പിനെ പ്രബുദ്ധരായ വിദ്യാർഥികൾ തിരിച്ചറിയണമെന്ന് ഷംസീർ ഇബ്രാഹിം പറഞ്ഞു.
പൗരത്വ സമര പോരാട്ടങ്ങൾക്ക് നേതൃത്വംകൊടുത്തത് കേന്ദ്ര സർവകലാശാലകളിലെ വിദ്യാർഥികളായിരുന്നു. അവരിൽ തന്നെ നേതൃനിരയിൽ ഫ്രറ്റേണിറ്റി പ്രവർത്തകരായിരുന്നുവെന്നത് അഭിമാനകരമാണ്. വിവിധ സമരങ്ങളിൽ ഏർപ്പെട്ടതിന് ഫ്രറ്റേണിയുടെ നിരവധി പ്രവർത്തകർ ജയിലറകളിലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ചിലരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കപ്പെട്ടു. എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട പൊയ്കയിൽ അപ്പച്ചൻ നഗറിൽ നടന്ന പൊതുസമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് വി.എ. ഫായിസ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, ആക്ടിവിസ്റ്റ് റാസിഖ് റഹീം തുടങ്ങിയവർ പ്രസംഗിച്ചു. നിയുക്ത പ്രസിഡന്റ് കെ.എം. ഫെഫ്‌റിന് നജ്ദ റൈഹാൻ പതാക കൈമാറി. കെ.എം. ഷെഫ്‌റിൻ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്‌റഫ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് പ്രമേയം അവതരിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ് റഹ്മാൻ സ്വാഗതവും ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് മുഹമ്മദ് നന്ദിയും പറഞ്ഞു.
പൊതുസമ്മേളനത്തിന് മുന്നോടിയായി ടൗൺ ചുറ്റി നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കാളികളായി.
കെ.എം. ഷെഫ്‌റിൻ സംസ്ഥാന പ്രസിഡൻറ്
ഈരാറ്റുപേട്ട - ഫ്രറ്റേണിറ്റി മൂവ്‌മെൻറ് സംസ്ഥാന പ്രസിഡൻറായി കെ.എം. ഷെഫ്‌റിനെ തെരഞ്ഞെടുത്തു. ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്, കെ.പി. തഷ്രീഫ് എന്നിവരാണ് സംസ്ഥാന ജനറൽ സെക്രട്ടറിമാർ. ഈരാറ്റുപേട്ടയിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
വൈസ് പ്രസിഡൻറുമാരായി നഈം ഗഫൂർ, അമീൻ റിയാസ്, ഷമീമ സക്കീർ, ലബീബ് കായക്കൊടി എന്നിവരെയും സംസ്ഥാന സെക്രട്ടറിമാരായി ഷഹീൻ ശിഹാബ്, അൻവർ സലാഹുദ്ദീൻ, മനീഷ് ഷാജി, സബീൽ ചെമ്പ്രശേരി, എം.എസ്. നിഷാത്ത് എന്നിവരെയും തെരഞ്ഞെടുത്തു. പി.എച്ച്. ലത്തീഫ്, നൗഫ ഹാബി, ഗോപു തോന്നക്കൽ, വസീം അലി എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ. എറണാകുളം പറവൂർ സ്വദേശിയായ കെ. എം. ഷെഫ്‌റിൻ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡൻറായിരുന്നു. ഐ. ടിയിൽ എം.ടെക് ബിരുദധാരിയാണ്(കുസാറ്റ്).
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി, ഫ്രറ്റേണിറ്റി മൂവ്‌മെൻറ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്‌റാഹിം എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.