ആലപ്പുഴ - ഹരിപ്പാട് എസ്.എഫ്.ഐ വനിതാ നേതാവിനെ ഡി.വൈ.എഫ്.ഐ നേതാവ് ആക്രമിച്ച സംഭവം ഒത്തുതീര്‍പ്പിലേക്ക്. മര്‍ദനമേറ്റ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി പോലീസ് ശ്രമിച്ചുവെങ്കിലും പരാതിയില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്. ഇതോടെ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരിക്കുകളോടെ ചികിത്സ തേടിയ പെണ്‍കുട്ടി കഴിഞ്ഞ ദിവസംതന്നെ ആശുപത്രി വിട്ടു.
തിങ്കളാഴ്ച വൈകുന്നേരം കുമാരപുരം കവറാട്ട് ക്ഷേത്രത്തിനടുത്തുവെച്ചാണ് എസ്.എഫ്.ഐ നേതാവായ വിദ്യാര്‍ഥിനിയെ ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവ് ആക്രമിച്ചത്. ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം തന്നെ മര്‍ദിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
അതേസമയം പരാതി ലഭിക്കാഞ്ഞതിനാല്‍ കേസെടുത്തില്ലെന്നാണ് പോലീസിന്റെ പ്രതികരണം. വനിതാ എസ്.ഐ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പരാതിയില്ലെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടിയെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ പറഞ്ഞു.
യുവാവും പെണ്‍കുട്ടിയും നല്ല പരിചയക്കാരായിരുന്നു. അടുത്തിടെയാണ് ഇരുവരും തെറ്റിയത്. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി സി.പി.എമ്മിനും ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. പരാതിയെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നിയോഗിച്ച അന്വേഷണ കമ്മിഷന്‍ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. ഇയാള്‍ക്കെതിരേ മറ്റു ചില യുവതികളും ഡി.വൈ.എഫ്.ഐ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)