ന്യൂദല്‍ഹി- വിമാനങ്ങളില്‍ യാത്രക്കാരുടെ ലക്കില്ലാത്ത പെരുമാറ്റം നിയന്ത്രണത്തിലായെന്നും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിയമങ്ങള്‍ ഇപ്പോള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) മേധാവി
അരുണ്‍ കുമാര്‍ പറഞ്ഞു. വിമാന യാത്രക്കിടെ ഉണ്ടായ ലജ്ജാകരമായ സംഭവങ്ങള്‍ നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു. നിയന്ത്രണമില്ലാതെ പെരുമാറുന്ന വിമാന യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ മതിയെന്ന് അദ്ദേഹം പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അടുത്ത കാലത്തായി വിമാന യാത്രക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റത്തിന്റെ നിരവധി കേസുകളാണ് ഉയര്‍ന്നുവന്നത്. പുരുഷ യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചതും വിമാനങ്ങളുടെ ശുചിമുറിയില്‍ ആളുകള്‍ പുകവലിക്കുന്നത് കണ്ടെത്തിയ സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
സംഭവങ്ങളില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കര്‍ശന നടപടിയെടുക്കുകയും ബന്ധപ്പെട്ട വിമാനക്കമ്പനികള്‍ യാത്രക്കാര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
വിമാനങ്ങളില്‍ അനിയന്ത്രിതമായി പെരുമാറുന്ന യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ എയര്‍ലൈന്‍സിന് അധികാരമുണ്ടെന്ന് ഡിജിസിഎ മേധാവി പറഞ്ഞു.
ഒരു വിമാനത്തില്‍ യാത്ര ചെയ്യുന്ന എല്ലാവരും നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. അച്ചടക്കം ആവശ്യമാണ്. നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവ കര്‍ശനമായി നടപ്പിലാക്കുന്ന തലത്തിലേക്ക് ഉയര്‍ന്നിരുന്നില്ല. ഇതാണ് വിമാനങ്ങളില്‍ ലജ്ജാകരമായ സംഭവങ്ങള്‍ക്ക് കാരണമായതെന്ന് കുമാര്‍ പറഞ്ഞു.
കാര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്നും ആവശ്യമുള്ളിടത്തെല്ലാം നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്നും കുമാര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)