Sorry, you need to enable JavaScript to visit this website.

എല്ലാ മതങ്ങളുടെയും പൊതുശത്രുവാണ് വിദ്വേഷം, ഓര്‍മിപ്പിച്ച് സുപ്രീം കോടതി

ന്യൂദല്‍ഹി- എല്ലാ പ്രസംഗങ്ങളും വിദ്വേഷ പ്രസംഗമല്ലെന്നും ഏതൊക്കെ പ്രസ്താവനകളും പ്രസംഗങ്ങളുമാണ് ആ നിര്‍വചനത്തിന് കീഴില്‍ വരുന്നതെന്ന് തീരുമാനിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങളില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.  
നമ്മുടെ നാഗരികതയും ജ്ഞാനവും ശാശ്വതമാണെന്നും വിദ്വേഷ പ്രസംഗങ്ങളില്‍ ഏര്‍പ്പെട്ട് അതിനെ ഇകഴ്ത്തരുതെന്നും എല്ലാ മതങ്ങളുടെയും പൊതു ശത്രു വിദ്വേഷമാണെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു. മനസ്സില്‍ നിന്ന് വിദ്വേഷം നീക്കം ചെയ്താല്‍ അതിന്റെ വ്യത്യാസം നിങ്ങള്‍ക്ക് കാണാമെന്നും ജസ്റ്റിസ് കെ.എം  ജോസഫ് പറഞ്ഞു.
2014ല്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ഫയല്‍ ചെയ്ത  കേസിലെ നടപടികള്‍ രണ്ട് ദിവസം മുമ്പ് മരവിപ്പിച്ച കാര്യം ജസ്റ്റിസുമാരായ കെ.എം ജോസഫും ബിവി നാഗരത്‌നയും അടങ്ങിയ  ബെഞ്ച് ചൂണ്ടിക്കാട്ടി. ഖുദായില്‍ വിശ്വസിക്കുന്നവര്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ഖുദാ മാപ്പ് നല്‍കില്ലെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാള്‍ പറഞ്ഞുവന്നതായിരുന്നു കേസിന് ആധാരം.
പറയുന്നതെല്ലാം വിദ്വേഷ പ്രസംഗത്തിന് തുല്യമല്ലെന്നും വിദ്വേഷ പ്രസംഗത്തിന് നിര്‍വചനമില്ലാത്തതിനാലും അതിന്റെ വ്യാഖ്യാനത്തിനായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വ്യവസ്ഥകളെ ആശ്രയിക്കേണ്ടതിനാലും കോടതി ജാഗ്രത പാലിക്കണമെന്നും ജഡ്ജിമാര്‍ പറഞ്ഞു.
ഹരിയാനയിലെ മേവാത്തില്‍ അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ ആയിരക്കണക്കിന് ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ തങ്ങളുടെ മതം സംരക്ഷിക്കാന്‍ ത്രിശൂലം ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുത്തുവെന്നാണ് ഷഹീന്‍ അബ്ദുല്ല എന്നയാള്‍ക്ക് വേണ്ടി സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. 25 കിലോമീറ്റര്‍ അകലെയുള്ള പട്ടൗഡിയിലും സമാനമായ പരിപാടി സംഘടിപ്പിച്ചിരുന്നു.ഈ പരിപാടികളില്‍ മുസ്ലിംകള്‍ക്കെതിരെ ജനങ്ങളെ ഇടക്കിവിടുന്ന പ്രസംഗങ്ങള്‍ നടത്തിയെന്നും ഇത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നും ഹരജിയില്‍ പറയുന്നു. പ്രസംഗകര്‍ക്കും സംഘാടകര്‍ക്കുമെതിരെ ഹരിയാന പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു.
ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തുന്ന മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട്  ഹിന്ദു മുന്നണിക്കുവേണ്ടി സമര്‍പ്പിച്ച ഹരജിയും പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. എല്ലാ ഹരജികളും ഒരുമിച്ച് മാര്‍ച്ച് 21 ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News