കോഴിക്കോട് - കരിപ്പൂരില്‍നിന്ന് ദുബായ്, ഷാര്‍ജ സെക്ടറിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാനങ്ങള്‍ മാര്‍ച്ച് മുതല്‍ നിര്‍ത്താനുള്ള എയര്‍ ഇന്ത്യാ തീരുമാനം പുന:പരിശോധിച്ചില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് കോഴിക്കോട് വിമാനത്താവള അഡൈ്വസറി വൈസ്‌ചെയര്‍മാന്‍ കൂടിയായ എം.കെ.രാഘവന്‍ എം.പി. പ്രസ്താവിച്ചു. എയര്‍ ഇന്ത്യയുടെ തീരുമാനം ആയിരക്കണക്കിന് പ്രവാസി യാത്രക്കാരെയും കോഴിക്കോട് നിന്നുള്ള ചരക്ക് കയറ്റുമതിയെയും സാരമായി ബാധിക്കും. ഇത് കോഴിക്കോട് വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഡനീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുമുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിക്കുക, തിരുന്നാവായ ഗുരുവായൂര്‍ റെയില്‍ പാത വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മലബാര്‍ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്)സെന്‍ട്രല്‍ കമ്മിറ്റി കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് മൊഫ്യൂസല്‍ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയില്‍ മുന്‍മന്ത്രി ഡോ: എം.കെ.മുനീര്‍ എം.എല്‍.എ.മുഖ്യപ്രഭാഷണം നടത്തി. എയര്‍ ഇന്ത്യാ വിമാന സര്‍വ്വീസ് നിര്‍ത്താനുള്ള നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നും പ്രവാസിക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് മതിയായ ആനുകൂല്യങ്ങള്‍ നല്‍കണമെന്നും 60 വയസ്സ് കഴിഞ്ഞ ഒട്ടേറെ പ്രവാസികള്‍ ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലുണ്ടെന്നും അത്തരക്കാര്‍ക്ക് ക്ഷേമനിധിയില്‍ ചേരാന്‍ വണ്‍ടൈം പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി പ്രവാസി പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നും ഡോ. മുനീര്‍ ആവശ്യപ്പെട്ടു.
ചടങ്ങില്‍ എം.ഡി.എഫ് പ്രസിഡണ്ട് എസ്.എ അബൂബക്കര്‍ അദ്ധ്യക്ഷ്യം വഹിച്ചു. എം.ഡി.എഫ്.ചെയര്‍മാന്‍ യു.എ.നസീര്‍ സമരപ്രഖ്യാനം നടത്തി. തുടര്‍സമരത്തിന്റെ ഭാഗമായി ദല്‍ഹിയിലും തിരുവനന്തപുരത്തും ഈ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടാന്‍ വേണ്ടി കോഴിക്കോട്ടെ മറ്റു സംഘടനകളുമായി ചേര്‍ന്നു പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും എം.ഡി.എഫ് നേതൃത്വം അറിയിച്ചു.
സഹദ് പുറക്കാട് സാഗതവും അഷ്‌റഫ് കളത്തിങ്ങല്‍ പാറ നന്ദിയും പറഞ്ഞു.ഗുലാം ഹുസൈന്‍ കൊളക്കാടന്‍, സന്നാഫ് പാലക്കണ്ടി, ഫ്രീഡാ പോള്‍, കരീം വളാഞ്ചേരി, നിസ്താര്‍ ചെറുവണ്ണൂര്‍, മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ശ്രീകല, എന്‍.കെ റഷീദ് ഉമരി, അബ്ദുല്‍ അസീസ്, ഉമ്മര്‍ കോയ തുറക്കല്‍, സുബൈര്‍ കോട്ടക്കല്‍, വി.പി.മൊയ്ദുപ്പ ഹാജി, വാസന്‍ കോട്ടക്കല്‍, ലുഖ്മാന്‍ അരീക്കോട്, ഇസ്മയില്‍ എടച്ചേരി (ഷാര്‍ജ), എ.അബ്ദുറഹ്മാന്‍, ഐബി ഫ്രാന്‍സിസ്, റസിയ വെള്ളയില്‍, ബാലന്‍, നിസാര്‍, അമീര്‍ കോഴിക്കോട്, മുഹമ്മദ് അലി ചുള്ളിപ്പാറ, ഗഫൂര്‍ മുട്ടിയാറ, സക്കീന ഐക്കരപ്പടി, ഫസ്‌ല തേഞ്ഞിപ്പലം എന്നിവര്‍ പ്രസംഗിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)