Sorry, you need to enable JavaScript to visit this website.

ഗുണ്ടകളുടെ കുടിപ്പക; വീടുകയറിയുള്ള ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു

പത്തനംതിട്ട-അടൂര്‍ മാരൂരില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടര്‍ന്ന് വീടു കയറിയുള്ള ആക്രമണത്തില്‍ പരിക്കേറ്റ ഏനാദിമംഗലം മാരൂര്‍ വടക്കേ ചരുവില്‍ ബാഹുലേയന്റെ ഭാര്യ സുജാത (55) മരിച്ചു. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഹൃദയാഘാതം മൂലമാണ്  മരണം. തലയോട്ടിക്ക് രണ്ടിടത്ത് പൊട്ടല്‍ സംഭവിച്ചതിനെ തുടര്‍ന്ന് സര്‍ജറി നടക്കുമ്പോള്‍ രണ്ടു തവണയാണ് സുജാതയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സുജാതയുടെ മക്കളായ ഗുണ്ടാത്തലവന്‍മാരുമായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരെ തേടിയെത്തിയ സംഘം ഞായറാഴ്ച രാത്രിയാണ് വീട് അടിച്ചു തകര്‍ത്തത്. തടയാന്‍ ചെന്ന സുജാതയെ ഇരുമ്പു കമ്പി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. കല്ലെടുത്ത് എറിഞ്ഞത് കൊണ്ട് വാരിയെല്ലിനും പരുക്കേറ്റു. അക്രമി സംഘത്തെ കണ്ട് സൂര്യലാലും ചന്ദ്രലാലും ഓടി രക്ഷപ്പെട്ടിരുന്നു. ഇതില്‍ സൂര്യലാലിനെ അടൂര്‍ സ്‌റ്റേറ്റേഷനില്‍ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയിട്ടുള്ളതാണ്. സുജാതയ്ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കഞ്ചാവ് വിറ്റ കേസില്‍ അടക്കം ഇവര്‍ പ്രതിയായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് അടൂര്‍ പോലീസ് ഇവരെ കഞ്ചാവുമായി പിടികൂടിയിരുന്നു. നേരത്തേ ചാരായം വില്‍പ്പനയ്ക്ക് പല തവണ കേസെടുത്തിട്ടുണ്ട്.
കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിയ്ക്കാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ശരണ്‍, സന്ധ്യ എന്നീ അയല്‍വാസികള്‍ തമ്മില്‍ വസ്തു സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ മാരൂര്‍ ഒഴുകുപാറ സ്വദേശി സൂര്യലാല്‍, അനിയന്‍ ചന്ദ്രലാല്‍ എന്നിവര്‍ ചേര്‍ന്ന് ശരണിനെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ചു. ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11 മണിയോടെ സൂര്യലാലിന്റെ വീട് കയറി ആക്രമിച്ചു. ശങ്കു, ചുട്ടിയെന്ന് വിളിക്കുന്ന ശരത്, കൊച്ചുകുട്ടന്‍, ശരണ്‍ എന്നിവരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു.
അക്രമി സംഘം വീട്ടില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ വാരി കിണറ്റിലിട്ടു. വീടും അടിച്ചു തകര്‍ത്തു. പിഗ്ബുള്‍ ഇനത്തില്‍പ്പെട്ട പട്ടിയെയും വെറുതേ വിട്ടില്ല.
അടൂര്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് ഈ പ്രദേശം. ആദ്യം ആക്രമിക്കപ്പെട്ട ശരണിന്റെ വീട് ഏനാത്ത് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്. മാരൂര്‍ പ്രദേശത്ത് ക്രിമിനല്‍ പശ്ചാത്തലമുളള നിരവധി പേര്‍ താമസിക്കുന്നുണ്ട്. കഞ്ചാവ് വില്‍പ്പനയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും ഇവിടെ പതിവാണ്. രണ്ടു സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രദേശത്ത് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News