ഐസിഐസിഐ ബാങ്ക് ബഹ്‌റൈനിലെ ദാനാ മാളിൽ 'സേവന കേന്ദ്രം' തുറന്നു. രാജ്യത്തെ റീട്ടെയിൽ, സ്വകാര്യ, കോർപറേറ്റ് ബാങ്കിംഗ് ഉപഭോക്താക്കൾക്ക് പണം നിക്ഷേപിക്കലും പിൻവലിക്കലും ഒഴികെയുള്ള എല്ലാ ബാങ്കിംഗ് സേവനങ്ങളും ഈ കേന്ദ്രത്തിൽ ലഭ്യമാണ്. മനാമ, ജുഫെയർ എന്നിവിടങ്ങളിൽ സേവന കേന്ദ്രങ്ങളുള്ള ബാങ്കിന്റെ ബഹ്‌റൈനിലെ മൂന്നാമത്തെ സർവീസ് കേന്ദ്രമാണിത്. ഐസിഐസിഐ ബാങ്ക് കൺട്രി ഹെഡ് (ബഹ്‌റൈൻ) അമിത് ബൻസാലിന്റെയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ബഹ്‌റിനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.
തിങ്കൾ മുതൽ വെള്ളി വരെയും ഒന്നും മൂന്നും അഞ്ചും ശനിയാഴ്ചകളിലും ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ കേന്ദ്രത്തിൽനിന്നു സേവനങ്ങൾ ലഭ്യമാണ്. ബഹ്‌റൈനിലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ ബാങ്കിംഗ് ആവശ്യങ്ങൾ പൂർണമായി നിറവേറ്റാൻ കേന്ദ്രത്തിനാവുമെന്ന് ഐസിഐസിഐ ബാങ്ക് കൺട്രി ഹെഡ് (ബഹ്‌റൈൻ) അമിത് ബൻസാൽ പറഞ്ഞു.