അഹമ്മദാബാദ്: വിവാഹ ആഘോഷത്തിനിടെ 500 ന്റെ നോട്ടുകള്‍ വായുവില്‍ പാറി നടക്കുന്നു, ആദ്യം ഒന്ന് അന്തം വിട്ടെങ്കിലും പിന്നീട് ഇതെല്ലാം പെറുക്കിയെടുക്കുകയാണ് ജനങ്ങള്‍. ആകാശത്ത് നിന്ന് നോട്ടു മഴ പെയ്യുന്നത് പോലെയാണ് സംഭവം.
ഗുജറാത്തിലെ മഹ്‌സാന ജില്ലയിലെ മുന്‍ സര്‍പഞ്ച് കെക്രി തഹസില്‍ അഗോള്‍ ആണ് അനന്തരവന്‍ റസാഖിന്റെ വിവാഹ ആഘോഷത്തിന്റെ ഭാഗമായി ആളുകളെ അമ്പരപ്പിച്ചു കൊണ്ട് തന്റെ വീടിന്റെ മുകളില്‍ നിന്ന് പണം വാരിവിതറിയത്. വിവാഹ ഘോഷയാത്ര കടന്നു പോകുന്നതിനിടെയാണ് വീടിന്റെ ഏറ്റവും മുകളില്‍ കയറി താഴേയ്ക്ക് നോട്ടുകള്‍ വര്‍ഷിച്ചത്. നോട്ടുകള്‍ പാറിപ്പറക്കുന്നത് കണ്ട് ആളുകള്‍ ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നീട് ഇത് പെറുക്കിയെടുക്കുന്നതിന് തിക്കും തിരക്കുമായി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ബെംഗളൂരുവിലും അടുത്തിടെ ഇതേ രീതിയിലുള്ള സംഭവം നടന്നിരുന്നു. ബെംഗളൂരു നഗരത്തിലെ ഒരു മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് യുവാവ് നോട്ടുകെട്ടുകള്‍ താഴേക്ക് എറിയുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മേല്‍പ്പാലത്തിലും താഴെയുമായി ആളുകള്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ടുകള്‍ എടുക്കാന്‍ ശ്രമിച്ചതോടെയാണ് ഗതാഗത തടസമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അടുത്തിടെ ഹൈദരാബാദിലും ചാര്‍മിനാര്‍ കെട്ടിടത്തിന് സമീപത്ത് നിന്ന് ഒരു യുവാവ് ഇത്തരത്തില്‍ നോട്ടുകള്‍ വര്‍ഷിച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)