മംഗളുരു-തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയായിരുന്നു മേഘ്ന രാജ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെ താരം സിനിമയോട് വിട പറഞ്ഞിരുന്നു. 2020ലായിരുന്നു ചിരഞ്ജീവിയുടെ മരണം. അന്നുമുതല്‍ ഏറെ നേരിട്ട ഒരു ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് മേഘ്ന രാജ്. ഉത്തരവുമായി എത്തുമെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ച താരം വാക്കു പാലിച്ചിരിക്കുകയാണ്.
സിനിമയിലേയ്ക്ക് മടങ്ങിവരുമെന്ന് കുറച്ചുനാള്‍ മുന്‍പ് മേഘ്ന രാജ് അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചാണ് താരം മടങ്ങിവരവ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാണ് നിങ്ങളെ സ്‌ക്രീനില്‍ വീണ്ടും കാണാന്‍ സാധിക്കുക എന്നതായിരുന്നു ഏറെ കേട്ട ചോദ്യമെന്നും അതിനുള്ള ഉത്തരമാണിതെന്നും പറഞ്ഞായിരുന്നു താരം പോസ്റ്റ് പങ്കുവച്ചത്.
രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ നടന്‍ ചിരഞ്ജീവി മരണപ്പെടുമ്പോള്‍ മൂന്നുമാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. ഇപ്പോള്‍ മകന്‍ റയാന്‍ രാജ് സര്‍ജ്ജയുമൊത്ത് സന്തോഷകരമായ ജീവിതം നയിക്കുന്ന മേഘ്ന മകനുമൊത്തുള്ള ചിത്രങ്ങള്‍ പങ്കു വെക്കാറുമുണ്ട്. ഇതിനിടെയാണ് ആരാധകര്‍ ഏറെനാളായി കേള്‍ക്കാന്‍ കാത്തിരുന്ന വാര്‍ത്ത താരം വെളിപ്പെടുത്തിയിരിക്കുന്നത്.
തത്സമ തദ്ഭവ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലാണ് എത്തുന്നത്. വിശാല്‍ ആത്രേയ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. പന്നഗ ഭരണ, സ്പുര്‍ത്തി അനില്‍, ചേതന്‍ നഞ്ജുംദയ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.