കോഴിക്കോട് - മുഖ്യമന്ത്രിയുടെ കരിങ്കൊടി പേടിയിൽ സി.പി.എം നേതാവിന്റെ വിയോഗത്തെ തുടർന്ന് സ്ഥാപിച്ച കറുത്ത കൊടിയും പോലീസ് അഴിച്ചുമാറ്റി. മുൻ എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി മുൻ മെമ്പറും പ്രഭാഷകനുമായിരുന്ന സി.പി കുഞ്ഞുവിന്റെ മരണത്തെ തുടർന്ന് ഫ്രാൻസിസ് റോഡിൽ കെട്ടിയ കറുത്ത കൊടിയാണ് പോലീസ് ഇന്നലെ അഴിച്ചുമാറ്റിയത്. കോഴിക്കോട് മീഞ്ചന്തയിലേക്കുള്ള മുഖ്യമന്ത്രിയുടെ വരവിനുള്ള തടസ്സങ്ങൾ നീക്കുന്നതിന്റെ ഭാഗമെന്നോണമാണ് സ്പെഷ്യൽ ബ്രാഞ്ച് നിർദേശത്തെ തുടർന്ന് പോലീസ് കറുത്ത കൊടി നീക്കം ചെയ്തത്.
വിദ്യാർത്ഥികളെ കറുത്ത മാസ്ക് അടക്കം അഴിപ്പിച്ചാണ് പോലീസ് മീഞ്ചന്ത കോളജിലെ പരിപാടിയിലേക്ക് പ്രവേശിപ്പിച്ചത്. എന്നാൽ വേദിയിൽ കറുത്ത വസ്ത്രം ധരിച്ച മന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനുമായ അഡ്വ. പി.എ മുഹമ്മദ് റിയാസിന്റെ വസ്ത്രത്തെ ചൂണ്ടി സമൂഹമാധ്യമത്തിൽ രൂക്ഷമായ വിമർശങ്ങളും പരിഹാസങ്ങളുമാണ് ഉയർന്നത്.
മീഞ്ചന്തയിലെ ജൈവ വൈവിധ്യ കോൺഗ്രസ് പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഇന്നലെ സി.പി കുഞ്ഞുവിന്റെ വീട് സന്ദർശിച്ച് കുടുംബത്തെ സമാശ്വസിപ്പിക്കുകയുണ്ടായി. മകനും കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുമായ സി.പി മുസാഫർ അഹമ്മദ് അടക്കമുള്ളവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ഭയന്ന് മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴികളിലെല്ലാം കറുപ്പ് വിലക്ക് തുടരുകയാണ്. ഇന്ന് കാസർഗോഡ് ജില്ലയിലാണ് മുഖ്യമന്ത്രിയുടെ പരിപാടി. വൻ സുരക്ഷകൾക്കിടെ അഞ്ച് പൊതുപരിപാടികളാണ് ഇവിടെ പ്ലാൻ ചെയ്തിട്ടുള്ളത്.