കായികമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ച് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സന്ദേശവുമായി ആരംഭിച്ച ചലഞ്ച് കാംപെയ്‌നുമായി ബന്ധപ്പെട്ടായിരുന്നു റാത്തോഡ് മലയാളത്തിന്റെ പ്രിയതാരത്തെ വെല്ലുവിളിച്ചത്. രണ്ട് കയ്യിലും ഡംപലുമായി ജിമ്മില്‍ പരിശീലനം നടത്തുന്ന ചിത്രം പങ്കുവച്ചാണ് ഫിറ്റ്‌നസ് ചലഞ്ചില്‍ ഭാഗമായ വിവരം മോഹന്‍ലാല്‍ അറിയിച്ചത്. കൂടാതെ അദ്ദേഹം മറ്റുമൂന്നുതാരങ്ങളെയും വെല്ലുവിളിച്ചു. സൂര്യ, ജൂനിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരെയാണ് ചലഞ്ചിലേക്ക് മോഹന്‍ലാല്‍ വെല്ലുവിളിച്ചത്.
വര്‍ക്കൗട്ട് ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചുറുചുറുക്കിനെക്കുറിച്ചാണ് ആരാധകരുടെ ഇടയില്‍ ചര്‍ച്ച.ഒരാഴ്ച മുന്‍പാണ് ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് കൂടിയായ മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് ട്വിറ്ററിലൂടെ ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കംകുറിച്ചത്. 20 പുഷ്അപ്പുകള്‍ ചെയ്തായിരുന്നു റാത്തോഡ് ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്.
കോഹ്‌ലി, ഹൃതിക് റോഷന്‍, സൈന നെഹ്വാള്‍ എന്നിവരെ വെല്ലുവിളിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. മന്ത്രിയുടെ ചലഞ്ച് ഏറ്റെടുത്ത് സൈനയും ഹൃതിക്കും ഫിറ്റ്‌നസ് വീഡിയോ പങ്കുവച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനെ വെല്ലുവിളിച്ച് തെലുങ്ക് നടനും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയും വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജിമ്മില്‍ പരിശീലനം നടത്തുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തായിരുന്നു അഖിലിന്റെ വെല്ലുവിളി. ദുല്‍ഖറിനെ മാത്രമല്ല നാഗാര്‍ജുന, വരുണ്‍ ധവാന്‍, നാഗ ചൈതന്യ എന്നിവരെയും അഖില്‍ വെല്ലുവിളിച്ചിട്ടുണ്ട്.