ന്യൂയോര്‍ക്ക്- പതിനാറ് മണിക്കൂര്‍ പറന്ന എയര്‍ ന്യൂസിലാന്‍ഡ് വിമാനം യാത്രക്കാരുമായി പറന്നുയര്‍ന്ന സ്ഥലത്ത് തിരിച്ചെത്തി. ഓക്ക്‌ലന്‍ഡില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനമാണ് ഇത്തരത്തില്‍ തിരികെ എത്തിയത്. കഴിഞ്ഞമാസം ദുബായില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തിനും സമാനമായ വിധിയുണ്ടായിരുന്നു. അന്ന് പതിമൂന്ന് മണിക്കൂര്‍ പറന്ന ശേഷമാണ് യാത്ര തുടങ്ങിയ ഇടത്ത് വിമാനം ഇറങ്ങിയത്. ഫെബ്രുവരി പതിനാറിനാണ് ന്യൂയോര്‍ക്കിലേക്കുള്ള എയര്‍ ന്യൂസിലാന്‍ഡ് വിമാനം ലക്ഷ്യസ്ഥാനത്ത് ഇറങ്ങാതെ യാത്ര തുടങ്ങിയ ഇടത്ത് തിരികെ എത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ഓക്ക്‌ലന്‍ഡില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് ലക്ഷ്യ സ്ഥാനമായ ന്യൂയോര്‍ക്കില്‍ എത്താന്‍ എട്ട് മണിക്കൂറായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കെന്നഡി വിമാനത്താവളത്തിലുണ്ടായ സാങ്കേതിക പ്രശ്‌നം നിമിത്തം വിമാനം അവിടെ ഇറങ്ങാന്‍ കഴിയാതെ തിരികെ മടങ്ങുകയായിരുന്നു.വിമാനം ന്യൂയോര്‍ക്കില്‍ ഇറങ്ങാതെ തിരികെ മടങ്ങുകയാണെന്ന വിമാനത്തിലെ ക്രൂവിന്റെ പ്രഖ്യാപനത്തില്‍ യാത്രക്കാര്‍ അസ്വസ്ഥരായി. 16 മണിക്കൂര്‍ ലക്ഷ്യമില്ലാതെ പറക്കുന്നതിനെ അവരില്‍ ചിലര്‍ ചോദ്യം ചെയ്തു.