പൂനെ - അമ്പും വില്ലും ചിഹ്നം നഷ്്ടമായതില്‍ കാര്യമില്ലെന്നും പുതിയൊരു ചിഹ്നം ജനങ്ങള്‍ സ്വീകരിക്കുമെന്നും ശിവസേന ഉദ്ധവ് വിഭാഗത്തിന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) തലവന്‍ ശരദ് പവാറിന്റെ സമാശ്വാസം. ചിഹ്നം പോയത് വലിയ പ്രത്യാഘാതമൊന്നും ഉണ്ടാക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയും സമാന അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പവാര്‍ അനുസ്മരിച്ചു.
'ശിവസേനയുടെ പേരും പാര്‍ട്ടി ചിഹ്നമായ 'വില്ലും അമ്പും' ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന് നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പവാറിന്റെ പരാമര്‍ശം.
'ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ്. ഒരു തീരുമാനമുണ്ടായാല്‍ പിന്നെ ചര്‍ച്ചക്ക് വകയില്ല. അത് അംഗീകരിച്ച് പുതിയ ചിഹ്നം സ്വീകരിക്കുക. കുറച്ചു ദിവസം ജനങ്ങള്‍ ചര്‍ച്ച ചെയ്യും. അതോടെ അത് അവസാനിക്കും.
ഇന്ദിരാഗാന്ധിയും ഈ സാഹചര്യം നേരിട്ടതായി ഞാന്‍ ഓര്‍ക്കുന്നു. കോണ്‍ഗ്രസിന് നുകത്തില്‍ കെട്ടിയ കാളയായിരുന്നു ചിഹ്നം. അവര്‍ക്ക് അത് നഷ്ടപ്പെട്ടു, 'കൈ' പുതിയ ചിഹ്നമായി സ്വീകരിക്കുകയും ആളുകള്‍ അത് അംഗീകരിക്കുകയും ചെയ്തു. അതുപോലെ, ആളുകള്‍ പുതിയ ചിഹ്നം സ്വീകരിക്കും- അദ്ദേഹം പറഞ്ഞു.