'നന്‍പകല്‍ നേരത്ത് മയക്കം' നെറ്റ്ഫ്‌ളിക്‌സില്‍ ഫെബ്രുവരി 23 മുതല്‍

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 23 മുതല്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാകും. ഐ.എഫ്.എഫ്.കെ.യിലും തിയേറ്ററിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി'യും ലിജോ പെല്ലിശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് 'നന്‍പകല്‍ നേരത്ത് മയക്കം' നിര്‍മിച്ചിരിക്കുന്നത്. ലിജോ പെല്ലിശേരിയുടെ തന്നെ കഥക്ക് എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പേരന്‍പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ.
'നന്‍പകല്‍ നേരത്ത് മയക്ക'ത്തില്‍ സുന്ദരമായും ജെയിംസായും പകര്‍ന്നാടിയ മമ്മൂട്ടിയുടെ പ്രകടനം ഏറെ കൈയടി നേടിയിരുന്നു. അതേസമയം, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫര്‍ പ്രദര്‍ശനം തുടരുകയാണ്. ബി. ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

Latest News