Sorry, you need to enable JavaScript to visit this website.

കിടപ്പാടം തേടി കേരളത്തിലെ 19 എം.എല്‍.എമാര്‍, വാടകയ്ക്ക് താമസ സൗകര്യം കിട്ടാന്‍ ബുദ്ധിമുട്ട്

തിരുവനന്തപുരം :  കേരളത്തിലെ എം.എല്‍.എമാര്‍ക്ക് തമാസ സൗകര്യം  തേടി കഴിഞ്ഞ ദിവസം നിയമസഭാ സെക്രട്ടറിയറ്റ് ഒരു പരസ്യം നല്‍കി. അതില്‍ പറയുന്നത് ഇങ്ങനെയാണ് : നിയമസഭയില്‍ നിന്നും എട്ടുകിലോ മീറ്ററിനുള്ളില്‍, നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന കെട്ടിടം വേണം.  വാടക  കുറവുള്ളതാണെങ്കില്‍ ഉത്തമം. സൗകര്യങ്ങളുള്ളതായിരിക്കണം. വലിയ ഡിമാന്റ് ഒന്നുമില്ലെങ്കിലും എം.എല്‍.എമാര്‍ക്ക് കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ അധികമാരും തയ്യാറല്ല. എപ്പോഴും ആളും ബഹളവുമൊക്കെയായിരിക്കും. മറ്റ് താമസക്കാര്‍ക്ക് സ്വസ്ഥതയുണ്ടാകില്ല. മാത്രമല്ല എപ്പോള്‍ ഒഴിഞ്ഞു കിട്ടുമെന്ന് പറയാനുമാകില്ല. കേരളത്തിലെ 19 എം.എല്‍.എമാര്‍ക്കാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് കിടപ്പാടം നഷ്ടപ്പെട്ടിരിക്കുന്നത്. തല ചായ്ക്കാന്‍ നല്ല ഒരു സ്ഥലം കിട്ടാതെ നെട്ടോട്ടമോടുകയാണ് അവര്‍. എം.എല്‍.എമാരില്‍ കുറേ പേര്‍ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഭാഗമായ പമ്പ ബ്ലോക്ക് കെട്ടിടം പൊളിച്ചു മാറ്റിയതോടെയാണ് ഇവരുടെ കിടപ്പാടം നഷ്ടപ്പെട്ടത്. 50 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഈ കെട്ടിടത്തിന്. കാലപ്പഴക്കം കാരണം ഇടിഞ്ഞു പൊളിഞ്ഞ് വീഴുമോയെന്ന് ഭയന്നാണ് കെട്ടിടം പൊളിച്ചു മാറ്റിയത്. പകരം 11 നിലയില്‍ ഇവിടെ പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് തീരുമാനം. അതിന് ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും എടുക്കും. അത് വരെ 19 എം.എല്‍.എമാര്‍ക്കും മികച്ചൊരു താമസ സൗകര്യം ഒരുക്കണമെന്നതാണ് നിയമസഭാ സെക്രട്ടറിയറ്റ് അധികൃതരെ അലട്ടുന്ന പ്രശ്‌നം.

കരമന - മേലറന്നൂര്‍ റോഡിലുള്ള ഒരു സ്വകാര്യ ഫ്‌ളാറ്റില്‍ എം എല്‍ എമാര്‍ക്ക് പകരം താമസ സൗകര്യം ഒരുക്കിയിരുന്നും . എന്നാല്‍  ഇവിടെ താമസം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ പണി തുടങ്ങി. ഇതിനായി കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയ ഇടിച്ചു പൊളിച്ചു. ഇതോടെ എം എ എല്‍മാര്‍ക്ക് ഇവിടെ നിന്നു പായയും കിടക്കയും എടുത്ത് കുടിയിറങ്ങേണ്ടി വന്നു. താല്‍ക്കാലികമായി എം എല്‍ എ ഹോസ്റ്റലിലെ നിള ബ്ലോക്കിന് മുകളില്‍ ഷെഡ് ഒരുക്കി ഇവരെ താമസിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പലരും ഇങ്ങോട്ട് വരാറില്ല. ഇവിടെ സൗകര്യം തീരെ കുറവാണ്. ആരെങ്കിലും കാണാന്‍ വന്നാല്‍ ഇരുത്താന്‍ പോലും സ്ഥലമില്ല.  എം.എല്‍.എയുടെ താമസ സ്ഥലമാണെന്ന് പറയാന്‍ പോലും നാണമാകുന്ന അവസ്ഥ. പലരും പരാതി പറഞ്ഞു. ഇതേതുടര്‍ന്ന് എത്രയും പെട്ടെന്ന് വാടകയക്ക് ഒരു കെട്ടിടം കണ്ടെത്തി എം.എല്‍.എമാരെ പുനരധിവസിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് നിയമസഭാ സെക്രട്ടറിയേറ്റ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News