Sorry, you need to enable JavaScript to visit this website.

ആറുവരി പാതയിൽ കയറാൻ നാല് കിലോമീറ്റർ വരെ ഓടണം; ഇത് ആലപ്പുഴയിലെ ദേശീയ പാത വികസനം

ആലപ്പുഴയിൽ ദേശീയ പാതയോരത്ത് ഉയരത്തിൽ നടക്കുന്ന ഓട നിർമാണം.

ആലപ്പുഴ-  ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ ആറുവരി റോഡിലേക്ക് പ്രവേശിക്കാൻ രണ്ട് മുതൽ നാല് കിലോമീറ്റർ വരെ വാഹനങ്ങൾ ഓടണം. ആലപ്പുഴ ജില്ലയിലെ 81 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയിൽ 40 ഇടങ്ങളിലാണ് പ്രവേശനമുള്ളത്. ഇരുഭാഗത്തേയും സർവീസ് റോഡുകളിലൂടെ നാലുവരെ കിലോമീറ്റർ സഞ്ചരിക്കേണ്ടിവരുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. നിശ്ചയിക്കപ്പെട്ടതനുസരിച്ച് മിക്കയിടങ്ങളിലും രണ്ടു കിലോമീറ്ററോളം യാത്രചെയ്താൽ ആറു വരിയിൽ കയറാം. ചില ഭാഗങ്ങളിൽ സർവീസ് റോഡിലൂടെ നാല് കിലോമീറ്റർ വരെ ഓടേണ്ടിവരും. 
തുറവൂർ മുതൽ പുന്നപ്ര പറവൂർ വരെയുള്ള റീച്ചിൽ 18 ഇടത്തു പ്രവേശനമുണ്ട്. പറവൂർ മുതൽ കായംകുളം കൊറ്റുകുളങ്ങര വരെയുള്ള ഭാഗത്ത് 22 സ്ഥലങ്ങളിൽ ആറുവരിയിലേക്ക് പ്രവേശിക്കാനാകും. 


ദേശീയപാതയുടെ ഭാഗമായി നിർമിക്കുന്ന ഓടയുടെയും സർവീസ് റോഡിന്റെയും പണി തുടങ്ങിയതോടെ പാതക്കിരുവശവുമുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുമെന്ന ആശങ്കയും വർധിക്കുകയാണ്. ദേശീയപാതക്കായി സ്ഥലം വിട്ടുനൽകുകയും വീടുകൾപോലും പൊളിച്ചുമാറ്റുകയും ചെയ്തവർക്ക് വികസിക്കുന്ന റോഡിലേക്ക് കടക്കാൻ കഴിയാത്ത തരത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 
ഇതു സംബന്ധിച്ച ആശങ്ക പങ്കുവച്ച പ്രദേശവാസികളോട് വ്യക്തമായ മറുപടി നൽകാൻപോലും അധികൃതർക്കായിട്ടില്ല. പല സ്ഥലത്തും പ്രദേശവാസികളുടെ സഞ്ചാരത്തെ തടസപ്പെടുത്തുംവിധം ഓട നിർമാണം പൂർത്തിയായിക്കഴിഞ്ഞു. വശങ്ങളിലുള്ള കെട്ടിടങ്ങളെ മറയ്ക്കുന്നവിധം ഉയർത്തിയാണ് ഓട നിർമിച്ചിരിക്കുന്നത്. അതിനൊപ്പം സർവീസ് റോഡിന്റെ ഭിത്തികൾക്കും ഉയരക്കൂടുതലാണ്. റോഡ് വികസിച്ചുവരുമ്പോൾ ഇതിനായി സ്ഥലം വിട്ടുനൽകിയവർക്ക് റോഡിലേക്ക് കടക്കാൻ കഴിയില്ല. അനവധി കുടുംബങ്ങൾക്ക് വഴിയില്ലാതാകും. കച്ചവട സ്ഥാപനങ്ങൾ മറയുകയും ചെയ്യും. പുതിയ റോഡിലേക്കുള്ള പ്രവേശനം തടയുകയാണ് ലക്ഷ്യമെന്ന് കരുതേണ്ടിവരും. പലസ്ഥലത്തും വീടുകളേക്കാൾ ഉയരത്തിലാണ് ഓട നിർമിച്ചിരിക്കുന്നത്. ഓട നിർമാണം സഞ്ചാരത്തിന് തടസ്സമാകുമെന്നതിനാൽ ഇക്കാര്യത്തിൽ അധികൃതർ ഇടപെട്ട് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 


മുൻനിശ്ചയപ്രകാരം ജില്ലയിൽ നിർമാണം ആദ്യം പൂർത്തിയാകുന്നത് കൊറ്റുകുളങ്ങര മുതൽ ഓച്ചിറ വരെയുള്ള ഭാഗമാണ്. ഈ ഭാഗത്തെ അഞ്ച് കിലോമീറ്റർ റോഡ് മാർച്ച് 31 നകം പൂർത്തീകരിക്കുമെന്നാണ് ജില്ലാ കലക്ടർ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം കൊമ്മാടി മുതൽ കളിത്തട്ട് വരെയും 31നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  ജില്ലയിൽ മൂന്നുതരം അടിപ്പാതകളും ദേശീയപാതയുടെ ഭാഗമായുണ്ടാകും.  ചെറുവാഹനങ്ങൾക്ക് കടന്നുപോകാവുന്ന എസ്‌വിയുപി (സ്‌മോൾ വെഹിക്കിൾ അണ്ടർപാസ്) ആണ് ഒന്ന്. 8.5 മീറ്ററാണ് സ്പാനിന്റെ നീളം. വലിയ വാഹനങ്ങൾ ഉൾപ്പെടെ പോകാനുള്ള എൽവിയുപി (ലൈറ്റ് വെഹിക്കിൾ അണ്ടർപാസ്), വിയുപി (വെഹിക്കിൾ അണ്ടർപാസ്) എന്നിവയാണ് മറ്റ് രണ്ടെണ്ണം.


എൽവിയുപിയുടെ നീളം 13.4 മീറ്റർ. വിയുപി സ്പാനിന് റോഡിന്റെ വീതിക്കനുസരിച്ച് വലുപ്പത്തിൽ വ്യത്യാസമുണ്ടാകും. ഏറ്റവും കുറഞ്ഞനീളം 13.4 മീറ്റർ. തോട്ടപ്പള്ളിയിൽ തീരദേശറോഡ് തുടങ്ങുന്ന ഭാഗത്തെ വിയുപിയുടെ നീളം 22.9 മീറ്റർ. കായംകുളം കെ.എസ്.ആർ.ടി.സി ജംഗ്ഷനിലും ഇതേ രീതിയിലാണ് നിർമാണം.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News