Sorry, you need to enable JavaScript to visit this website.

എയർഇന്ത്യ സർവീസ് നിർത്താൻ നീക്കം; കോഴിക്കോട്ട് 20ന് പ്രതിഷേധ സംഗമം

കോഴിക്കോട്- പ്രവാസികളെ ഏറെ ബാധിക്കുന്നതും കോഴിക്കോട് വിമാനത്താവളത്തെ തകർക്കുന്നതുമായ രീതിയിൽ ദുബായ്, ഷാർജ എയർ ഇന്ത്യ സർവീസ് നിർത്താൻ നീക്കം. ഇതിനെതിരെ കോഴിക്കോട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. സർവീസ് നിർത്താനുള്ള അധികൃതരുടെ തീരുമാനത്തിനെതിരെ 20ന് കോഴിക്കോട്ട് പ്രതിഷേധ സംഗമം നടത്തുമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) ഭാരവാഹികളാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
കോഴിക്കോട് മൊഫ്യൂസൽ ബസ്സ്റ്റാന്റ് പരിസരത്ത് നടക്കുന്ന പ്രതിഷേധ സംഗമം രാവിലെ 10 ന് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ മുനീർ എം.എൽ.എ പങ്കെടുക്കും.
മാർച്ച് മുതൽ കോഴിക്കോട്-ദുബായ്, ഷാർജ സെക്ടറുകളിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ സർവീസുകൾ നിർത്തി വെച്ചിരിക്കുകയാണ്. കരിപ്പൂരിൽ നിന്നു വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി ഇല്ലാത്ത സാഹചര്യത്തിൽ ഈ സെക്ടറുകളിൽ എയർ ഇന്ത്യ സർവീസ് നിർത്തുന്നത് മൂലം പ്രവാസി യാത്രക്കാർക്ക് ഭാരിച്ച ചെലവ് വഹിക്കേണ്ടി വരുമെന്നും ഇതോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണം കുറയുകയും വിമാനത്താവളം തകർച്ചയുടെ വക്കിലെത്തുമെന്നും എം.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു.
പ്രവാസി പെൻഷൻ തുക വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നോർക്കയിൽ നിന്നും ക്ഷേമനിധിയിൽ നിന്നും നൽകി വരുന്ന വിവാഹം, ചികിത്സ എന്നിവക്കുള്ള ധനസഹായ തുക വർധിപ്പിക്കണമെന്നും എം.ഡി.എഫ് ആവശ്യപ്പെട്ടു.  വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എസ്.എ അബൂബക്കർ, രക്ഷാധികാരികളായ ഗുലാം ഹുസൈൻ കൊളക്കാടൻ, സഹദ് പുറക്കാട്, ഭാരവാഹികളായ അഷ്റഫ് കളത്തിങ്ങൽ പാറ, നിസ്താർ ചെറുവണ്ണൂർ, കരീം വളാഞ്ചേരി, ഫ്രീഡാ പോൾ എന്നിവർ പങ്കെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News