കയ്‌റോ- ഈജിപ്ത് തലസ്ഥാനായ കയ്‌റോയിലെ സയ്യിദ് സൈനബ് മസ്ജിദിന് സമീപത്തുനിന്നുള്ള ഒരു ചിത്രം ആളുകളുടെ കരളലിയിപ്പിക്കും. വാഹനമിടിച്ച് ജീവനറ്റ നായയെ കുറെ നായകൾ ചേർത്തുപിടിച്ച് നേരംപുലരും വരെ കൂട്ടിരുന്ന രംഗമാണത്. റോഡരികിൽതന്നെയാണ് എല്ലാ നായകളും നേരം പുലരും വരെ കാത്തുനിന്നത്.
അതൊരു വല്ലാത്ത രംഗമായിരുന്നു. വാഹനമിടിച്ച് ചത്ത നായയുടെ അരികിലേക്ക് മറ്റുള്ള നായ്ക്കൾ ഓടിവരികയായിരുന്നു. അവർ ചത്തുപോയ നായയെ കെട്ടിപ്പിടിച്ചു കണ്ണീർ പൊഴിച്ചു. അതുവഴി യാത്രയായവരെല്ലാം ഈ രംഗം കണ്ടുനിന്നു. അവരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. വേദനയുടെയും സങ്കടത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും മിശ്രിതമായിരുന്നു ഇതെന്ന് രംഗത്തിന് സാക്ഷിയായ ജാസിർ അഹമ്മദ് പറഞ്ഞു. എല്ലാ ജീവികളും നിങ്ങളെ പോലെയുള്ള ജാതികള്‍ തന്നെയാണെന്ന് അര്‍ത്ഥമുള്ള ഖുര്‍ആന്‍ വാചകവും ചിലര്‍ ഈ ചിത്രത്തിന് താഴെ പങ്കുവെച്ചു.