Sorry, you need to enable JavaScript to visit this website.

പി.ജെ. കുര്യനോ  ഉമ്മൻ ചാണ്ടിയോ?  

ന്യൂദൽഹി - കേരളത്തിൽനിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് പരിഗണിക്കുന്നത് രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പേരുകൾ മാത്രം. പ്രൊഫ. പി.ജെ. കുര്യൻ, സി.പി. നാരായണൻ, ജോയി എബ്രഹാം എന്നിവരുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് മൂന്നു രാജ്യസഭാ സീറ്റുകളിലാണ് ഒഴിവ് വരുന്നത്. ഇതിൽ യു.ഡി.എഫിന് ഇനി ഒരു സീറ്റാണുള്ളത്. എൽ.ഡി.എഫിനു ലഭിക്കുന്ന രണ്ടു സീറ്റുകളിൽ ഒന്നിൽ സി.പി.ഐ അവകാശവാദം ഉന്നയിക്കുന്നുണ്ട്. 
പി.ജെ. കുര്യൻ വീണ്ടും രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ അദ്ദേഹം ഉപാധ്യക്ഷ സ്ഥാനത്തു തുടരുന്നതിൽ ബി.ജെ.പി വിയോജിപ്പ് പ്രകടിപ്പിക്കുമെന്നു കരുതുന്നില്ല. ഇത്തരത്തിൽ ഒരു സമവായം ഉണ്ടായാൽ കുര്യൻ തന്നെ രാജ്യസഭയിലെത്തും. നിലവിൽ കോൺഗ്രസിനുള്ള ഏക ഭരണഘടനാ പദവിയാണ് രാജ്യസഭാ ഉപാധ്യക്ഷന്റേത്. അതേസമയം, എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട ഉമ്മൻ ചാണ്ടിക്ക് രാജ്യസഭാ സീറ്റ് കൂടി നൽകി അദ്ദേഹത്തിന്റെ സേവനം ദൽഹിയിലും ഉപയോഗപ്പെടുത്തണമെന്നു തീരുമാനമുണ്ട്. ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായാണ് ഉമ്മൻ ചാണ്ടിയെ നിയമിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ദേശീയ രാഷ്ട്രീയത്തിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്താനാണ് ഹൈക്കമാൻഡ് തീരുമാനം. സോണിയാ ഗാന്ധിയുടെ ചികിത്സക്കായി വിദേശത്തേക്കു പോയിരിക്കുന്ന പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ഉടൻ ഇക്കാര്യത്തിൽ ചർച്ചകൾ നടക്കും. 
രാഹുൽ ഗാന്ധി മടങ്ങിയെത്തിയ ശേഷം മുതിർന്ന നേതാവ് എ.കെ. ആന്റണിയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കും കൂടിയാലോചന നടത്തി രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഉമ്മൻ ചാണ്ടിക്ക് രാജ്യസഭാ സീറ്റ് നൽകുകയാണെങ്കിൽ പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പു വേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ ഈ സീറ്റിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ സ്ഥാനാർഥിയാകും.  ഉമ്മൻ ചാണ്ടി 11 തവണ തുടർച്ചയായി വിജയിച്ച നിയമസഭാ മണ്ഡലമാണ് പുതുപ്പള്ളി.
കേരളത്തിൽ നിന്നു ഒഴിവു വരുന്ന മൂന്നു സീറ്റുകളിലേക്ക് കഴിഞ്ഞ തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. ജൂൺ 21 നാണ് തെരഞ്ഞെടുപ്പ്. ജൂൺ നാലിനു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 12 നു സൂക്ഷ്മ പരിശോധന നടത്തും. 14 വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ട്. 21 നു രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെയാണ് വോട്ടിംഗ്. വൈകുന്നേരം അഞ്ചിനു വോട്ടെണ്ണൽ. 25 നു തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകും. 


 

Latest News