ന്യൂദല്‍ഹി- ദല്‍ഹിയിലും മുംബൈയിലുമായി ബിബിസി ഓഫീസുകളില്‍ 59 മണിക്കൂര്‍ നീണ്ട ആദായനികുതി റെയ്ഡ് രാത്രി 10 മണിയോടെ അവസാനിച്ചു. ജീവനക്കാരെ നീണ്ട ചോദ്യം ചെയ്യലിന് വിധേയരാക്കിയെന്നും ആദായ നികുതി വകുപ്പുമായി സഹകരിക്കുമെന്ന് ബിബിസി അറിയിച്ചു.
ഗുജറാത്ത് കൂട്ടക്കൊലയിലെ നരേന്ദ്രമോഡിയുടെ പങ്കും ബി.ജെ.പി സര്‍ക്കാരിന്റെ വര്‍ഗീയ അജണ്ടകളും ചര്‍ച്ചയാക്കിയ ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതാണ് കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ചൊവ്വാഴ്ച ആരംഭിച്ച റെയഡ് തുടര്‍ച്ചയായി രണ്ടു ദിവസം പിന്നിട്ടത് വലിയ വാര്‍ത്തയായിരുന്നു. ബിബിസി ഓഫീസുകളിലെ കംപ്യൂട്ടറുകളും മറ്റ് ഫയലുകളും ഉദ്യോഗസ്ഥര്‍ അരിച്ചുപെറുക്കി. രണ്ടു ദിവസമായി ജീവനക്കാര്‍ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എഡിറ്റോറിയല്‍ വിഭാഗത്തില്‍ പരിശോധന അനുവദിക്കില്ലെന്ന് ബിബിസി വ്യക്തമാക്കിയിരുന്നു.