ന്യൂദല്‍ഹി-ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളില്‍ ഇസ്രായില്‍ സംഘം ഇടപെട്ടതായി ഞെട്ടിക്കുന്ന വിവരം പുറത്ത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിലും ഇടപെട്ടതായാണ് റിപ്പോര്‍ട്ട്. ഹാക്കിംഗ്, അട്ടിമറി, വ്യാജ പ്രചാരണം എന്നിവയെല്ലാം ലക്ഷ്യം നേടാനായി ഉപയോഗിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ കാലത്തിന്റെ സൗകര്യങ്ങളുപയോഗിച്ചാണ് വിളയാട്ടം.
സോഷ്യല്‍ മീഡിയ ഉപയോഗിച്ച് നിരന്തരം വ്യാജ പ്രചരണങ്ങള്‍ നടത്തിയാണ് വിവിധ രാജ്യങ്ങളില്‍ ഇസ്രായില്‍ ഗുഢസംഘം അട്ടിമറി നടത്തിയതെന്ന് ഏറ്റവും ക്രെഡിബിലിറ്റിയുള്ള ബ്രിട്ടീഷ് മാധ്യമായ ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിലൂടെയാണ് ടീം ഹൊഹേ എന്ന സംഘത്തിന്റെ ഇടപെടലുകള്‍ വെളിച്ചത്തുകൊണ്ടുവന്നത്. ആവശ്യക്കാരായി ഭാവിച്ച് മൂന്ന് റിപ്പോര്‍ട്ടര്‍മാരെയാണ് ഇതിനായി നിയോഗിച്ചത്. ഇവര്‍ ചോര്‍ത്തിയെടുത്ത വിവരങ്ങളാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടില്‍. ഒളിക്യാമറയുമായി എത്തിയ മാധ്യമസംഘത്തോടെയാണ് ഹൊഹേ ടീം മേധാവി ഓപ്പറേഷനുകളെക്കുറിച്ച് വെളിപ്പെടുത്തിയത്. നുണകള്‍ പ്രചരിപ്പിക്കുന്നതിനായി എങ്ങനെ വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നു എന്ന് മേധാവി തന്നെ വ്യക്തമായി വെളിപ്പെടുത്തുന്നുണ്ട്. ഇടപെടല്‍ നടത്തിയ രാജ്യങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്.മുന്‍ ഇസ്രായില്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനാണ് ഹൊഹേ ടീം രൂപീകരിച്ചത്. ഇസ്രായില്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത് വന്‍ കോളിളക്കങ്ങളാണ് 2017ല്‍ സൃഷ്ടിച്ചത്. ഇന്ത്യയിലും ഇത് വിവാദ കൊടുങ്കാറ്റുണ്ടാക്കിയിരുന്നു.
ഹൊഹേക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ ജനാധിപത്യ രാജ്യങ്ങളില്‍ ആശങ്ക പരത്തി.
പ്രത്യേക സോഫ്റ്റ് വെയര്‍ വഴി ഉണ്ടാക്കിയ അയ്യായിരത്തോളം ബോട്ടുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും 27 ഇടത്ത് തങ്ങള്‍ ലക്ഷ്യം നേടിയെന്നും ഹൊഹേ ടീം അവകാശപ്പെടുന്നുണ്ട്. ഇന്ത്യയില്‍ ഒരു വമ്പന്‍ കമ്പനിക്കുവേണ്ടി വ്യവസായ തര്‍ക്കത്തിലും ഇടപെട്ടിരുന്നു.