അഗർത്തല - ഭരണത്തുടർച്ചയ്ക്കായി ബി.ജെ.പിയും അധികാരം തിരിച്ചുപിടിക്കാനായി സി.പി.എം-കോൺഗ്രസ് സഖ്യവും പൊരുതുന്ന ത്രിപുര ഇന്ന് പോളിങ് ബൂത്തിലേക്ക്.
സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 60 സീറ്റുകളിൽ 259 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 31 പേർ സ്ത്രീകളാണ്. 2018-ലെ തെരഞ്ഞടുപ്പിൽ 297 സ്ഥാനാർത്ഥികളിൽ സ്ത്രീ സ്ഥാനാർത്ഥികൾ 24 ആയിരുന്നു. അധികാരം നിലനിർത്തൽ അഭിമാന പോരാട്ടമായി ബി.ജെ.പി കാണുന്ന അതേയളവിൽ തന്നെ, അവരെ താഴെ ഇറക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലാണ് സി.പി.എം നേതൃത്വത്തിലുള്ള കോൺഗ്രസ് സഖ്യം തെരഞ്ഞെടുപ്പിന് നേരിടുന്നത്. ത്രിപുരയിൽ ആദ്യമായാണ് സി.പി.എമ്മും കോൺഗ്രസും ഒരുമിച്ച് മത്സരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപാർട്ടികളും സംയുക്ത റാലികൾ നടത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രധാന നേതാക്കളെയെല്ലാം എത്തിച്ചാണ് ബി.ജെ.പി കളം നിറച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ബി.ജെ.പിയാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളെയും മത്സരിപ്പിക്കുന്നത്. 55 പേർ. 43 സി.പി.എം സ്ഥാനാർത്ഥികൾ ഉൾപ്പെടെ ഇടതു മുന്നണി 47 സീറ്റുകളിൽ മത്സരിക്കുമ്പോൾ, കോൺഗ്രസ് 13 സീറ്റുകളിലാണ് ഇടത് സഖ്യത്തോടൊപ്പംനിന്ന് ശക്തി പരീക്ഷിക്കുന്നത്. ഗോത്ര മേഖലകളിൽ കണ്ണുനട്ട് കന്നിയങ്കം തിളക്കമുള്ളതാക്കാൻ പ്രദ്യോത് മാണക്യ ദേബ് ബർമന്റെ നേതൃത്വത്തിലുള്ള തിപ്ര മോത്ത പാർട്ടി 42 സീറ്റുകളിലും, സ്വാധീനം തെളിയിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 28 സീറ്റുകളിലും മത്സരിക്കുന്നുണ്ട്.
2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റു പോലും കൈവശമില്ലാതിരുന്ന ബി.ജെ.പി 2018-ൽ ആകെയുള്ള 60 സീറ്റിൽ 36 സീറ്റുകൾ സ്വന്തമാക്കിയാണ് കാൽനൂറ്റാണ്ടു നീണ്ട സി.പി.എം ഭരണത്തിന് അറുതിവരുത്തിയത്. അന്ന് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിക്കും എട്ടു സീറ്റുണ്ടായിരുന്നു. എന്നാൽ 2018-ലെ ഫലം ആവർത്തിക്കാതിരിക്കാനാണ്, കോൺഗ്രസിന്റെ കൈപിടിച്ച് ഇത്തവണ ബി.ജെ.പിയെ നിലംപരിശാക്കാനായി സി.പി.എം കഠിന പരിശ്രമം നടത്തിയിട്ടുള്ളത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. തെരഞ്ഞടുപ്പിനോടനുബന്ധിച്ച് എല്ലാ ബുത്തുകളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയതായി തെരഞ്ഞടുപ്പ് കമ്മിഷൻ അറിയിച്ചു.