ന്യൂദല്‍ഹി- ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യ: ദ മോഡി ക്വസ്റ്റിയന്‍ പങ്കിടുന്ന സോഷ്യല്‍ മീഡിയ ലിങ്കുകള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ചതിന് സുപ്രീം കോടതിയെ വിമര്‍ശിച്ച് ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യ. ഇന്ത്യയെ എതിര്‍ക്കുന്നവരുടെ ഉപകരണമായിരിക്കുകയാണ് സുപ്രീം കോടതിയെന്ന് പാഞ്ചജന്യം എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തി.
ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ദല്‍ഹി, മുംബൈ ഓഫീസുകളില്‍ റെയ്ഡ് നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കറിന്റെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
രാഷ്ട്രതാല്‍പ്പര്യം സംരക്ഷിക്കുന്നതിനാണ് സുപ്രീം കോടതി മുന്‍തൂക്കം നല്‍കേണ്ടതെന്ന് ഹിന്ദിയിലെ എഡിറ്റോറിയലില്‍ പറയുന്നു. ബി.ബി.സി ഡോക്യുമെന്ററി 'അസത്യവും ഭാവനയും' അടിസ്ഥാനമാക്കിയുള്ളതാണെന്നും അത് 'ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള' ശ്രമമാണെന്നും മാസിക ആരോപിച്ചു.
ഫെബ്രുവരി 3 ന് സുപ്രീം കോടതി പുറപ്പെടുവിച്ച നോട്ടീസ് പരാമര്‍ശിച്ചുകൊണ്ട് എഡിറ്റോറിയല്‍ പറഞ്ഞു: 'ഇന്ത്യക്കാര്‍ അടയ്ക്കുന്ന നികുതിയാല്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്ഥാപനമാണ് സുപ്രീം കോടതി; അതിന്റെ ജോലി ഇന്ത്യക്കായി നിര്‍മ്മിച്ച നിയമനിര്‍മ്മാണങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുക എന്നതാണ്. എന്നാല്‍ ഇന്ത്യയെ എതിര്‍ക്കുന്നവര്‍ക്ക് വഴി തെളിക്കാനുള്ള ശ്രമങ്ങളില്‍ ഇത് ഒരു ഉപകരണമായി ഉപയോഗിക്കപ്പെടുന്നു.
മനുഷ്യാവകാശങ്ങളുടെ പേരില്‍ തീവ്രവാദികളെ സംരക്ഷിക്കുകയും പരിസ്ഥിതിയുടെ പേരില്‍ ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണങ്ങള്‍ എഡിറ്റോറിയല്‍ ഉദ്ധരിക്കുന്നു. 'ദേശവിരുദ്ധ ഘടകങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യവും ലിബറലിസവും നാഗരികതയുടെ മാനദണ്ഡങ്ങളും ഉപയോഗിക്കുന്നതായി നിങ്ങള്‍ കണ്ടെത്തും. അടുത്ത പടി ദേശവിരുദ്ധ ഘടകങ്ങള്‍ക്ക് രാജ്യത്ത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശം ഉണ്ടെന്ന് ഉറപ്പാക്കുകയാണ്; മതപരിവര്‍ത്തനത്തിലൂടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള അവകാശം അവര്‍ തേടുന്നു. ഇതിന് അവര്‍ ഇന്ത്യന്‍ നിയമങ്ങളുടെ സംരക്ഷണം തേടുകയാണെന്നും ആര്‍.എസ്.എസ് കുറ്റപ്പെടുത്തി.