തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആരോപണ വിധേയനായ ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ പ്രകാശന്‍ ജീവനൊടുക്കിയ കേസില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കുണ്ടമന്‍കടവ് സ്വദേശികളായ കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതി കുമാര്‍, രാജേഷ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പരസ്ത്രീ ബന്ധം ആരോപിച്ച് ഇവര്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് പ്രകാശ് തൂങ്ങി മരിച്ചതെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്.
കേസില്‍ അറസ്റ്റിലായ പ്രതികളെ ആശ്രമം കത്തിച്ച കേസിലും ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. പ്രകാശ് ഇക്കഴിഞ്ഞ ജനുവരി മൂന്നിനാണ് ആത്മഹത്യ ചെയ്തത്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചത് പ്രകാശ് ആണെന്ന് സഹോദരന്‍ പ്രശാന്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് പ്രശാന്ത് പിന്നീട് കോടതിയില്‍ മൊഴി മാറ്റിയിരുന്നു.
ആത്മഹത്യക്ക് മുമ്പ് സഹോദരന്‍ വെളിപ്പെടുത്തിയ കാര്യം എന്ന നിലക്കായിരുന്നു പ്രശാന്തിന്റെ വെളിപ്പെടുത്തല്‍. 2018 ഒക്ടോബര്‍ 27 ന് ആണ് തിരുവനന്തപുരം കുണ്ടമണ്‍ കടവിലുള്ള സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. തീപിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു.