കണ്ണൂര്‍- ഷുഹൈബ് വധത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്നും പാര്‍ട്ടി ഒരു ക്വട്ടേഷനും തില്ലങ്കേരിയെ ഏല്‍പ്പിച്ചിട്ടില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഷുഹൈബിനോട് എന്താണ് വിരോധമാണുള്ളതെന്നും ആര് പറഞ്ഞിട്ടാണ് കൊല നടത്തിയതെന്നും തില്ലങ്കേരി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തെറി രാജാവാകാനാണ് തില്ലങ്കേരിയുടെ ശ്രമമെന്നും തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മാലിന്യ നിക്ഷേപ കേന്ദ്രമാണെന്നും മനുഷ്യനായി പിറന്ന ആര്‍ക്കും ഇത് വായിക്കാന്‍ കഴിയില്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു.
കൊലക്കേസ് പ്രതിയായ ആകാശ് ഇപ്പോള്‍ ആരോപണമുന്നയിക്കുന്നത് മാപ്പുസാക്ഷിയായി രക്ഷപ്പെടാനുള്ള ഗൂഡാലോചനയാണെന്നും കൊലപാതകം നടത്തിയത് ആകാശ് തന്നെയെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ജയരാജന്‍ വ്യക്തമാക്കി.
ഏത് അന്വേഷണ ഏജന്‍സി അന്വേഷിക്കുന്നതിലും പാര്‍ട്ടിക്ക് വിയോജിപ്പില്ല. സിപിഎമ്മിന്റെ ആശയപ്രചരണത്തിന് ഒരു ക്വട്ടേഷന്‍ സംഘത്തിന്റെയും ആവശ്യമില്ല. നാല് വര്‍ഷത്തിന് ശേഷം നടത്തിയ തുറന്ന് പറച്ചിലില്‍ ദുരൂഹതയുണ്ടെന്നും ജയരാജന്‍ പറഞ്ഞു.
ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് കമന്റ് വിവാദമായിരിക്കയാണ്. ക്വട്ടേഷന് ആഹ്വാനം ചെയ്തവര്‍ക്ക് സഹരണ സ്ഥാപനങ്ങളില്‍ ജോലി. നടപ്പാക്കിയവര്‍ക്ക് പട്ടിണിയും, പടിയടച്ച് പിണ്ഠം വെക്കലും പ്രതിഫലമെന്നാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ കുറിച്ചത്. അഹ്വാനം നല്‍കിയവര്‍ കേസുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കിയില്ല. പാര്‍ട്ടി സംരക്ഷിക്കാതിരുന്നപ്പോള്‍ ക്വട്ടേഷന്‍ അടക്കം മറ്റ് വഴികള്‍ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാര്‍ട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചരിക്കണ്ടി വന്നത്. പാര്‍ട്ടിയിലെ ഊതി വീര്‍പ്പിച്ച ബലൂണുകളെ പച്ചക്ക് നേരിടുമെന്നും തില്ലങ്കേരി ഭീഷണിപ്പെടുത്തി.
കമന്റ് വിവാദമായതിനെ തുടര്‍ന്ന് തില്ലങ്കേരിക്ക് എതിരായ പോസ്റ്റ് ഡി.വൈ.എഫ്.ഐ നേതാവ് പിന്‍വലിച്ചിരുന്നു. മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് സരീഷ് ആണ് എഫ് ബി പോസ്റ്റ് പിന്‍വലിച്ചത്. ഈ പോസ്റ്റിന്റെ കമന്റ് ആയിട്ടായിരുന്നു ആകാശ് സിപിഎം നേതൃത്വത്തിനെതിരെ രംഗത്ത് എത്തിയത്.