Sorry, you need to enable JavaScript to visit this website.

അദാനിക്കുവേണ്ടി മോഡി നിയമങ്ങള്‍ മാറ്റി, സുബ്രഹ്മണ്യന്‍ സ്വാമി വീണ്ടും

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ അദാനി ഗ്രൂപ്പിനുവേണ്ടി വിവിധ നിയമങ്ങള്‍ മാറ്റിയെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.
കല്‍ക്കരി ക്ഷാമം മനപൂര്‍വമുണ്ടാക്കിയെന്ന തലക്കെട്ടിലാണ് ഒരു മുന്‍ കേന്ദ്ര മന്ത്രിയുടെ കണ്ടെത്തലെന്ന് വിശദീകരിക്കുന്ന സ്വാമിയുടെ ട്വീറ്റ്.
2021 ഡിസംബര്‍ മൂന്നിന് അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയില്‍നിന്ന് ഇന്ത്യയിലെക്ക് കല്‍ക്കരി കയറ്റുമതി തുടങ്ങി. പ്രതിഷേധം വകവെക്കാതെ ആയിരുന്നു ഇത്. 2022 മേയ് 21 ന് ഇന്ത്യ കല്‍ക്കരി ഇറക്കുമതി ചുങ്കം ഒഴിവാക്കി. രണ്ടര ശതമാനമായിരുന്ന നികുതിയാണ് എടുത്തുകളഞ്ഞത്. 2022 ജൂണ്‍ നാലിന് 12 ദശലക്ഷം ടണ്‍ കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കോള്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കി. ഇതേ ദിവസം തന്നെ 8308 കോടിയുടെ കല്‍ക്കരി ഇറക്കുമതി ചെയ്യാനുള്ള ടെന്‍ഡര്‍ എന്‍.ടി.പി.സി അദാനി എന്റര്‍പ്രൈസസിനു നല്‍കി- സ്വാമി വിശദീകരിച്ചു.
ബി.ജെ.പിയില്‍നിന്നുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശം ശക്തിപ്പെടുത്തുകയാണ് സുബ്രഹ്മണ്യന്‍ സ്വാമി. അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവെക്കേണ്ടി വരുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയില്‍ നിന്ന് മോഡി പുറത്താക്കണം. പെഗാസസ് ടെലിഫോണ്‍ ടാപ്പിങ്, വാഷിങ്ടണ്‍ ഡി.സിയില്‍ നിന്ന് വരാനിരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്നിവയില്‍ ഡോവല്‍ വിഡ്ഢിത്തം കാണിച്ചിട്ടുണ്ട്. അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കിയില്ലെങ്കില്‍ മോഡിക്ക് 2023 പകുതിയോടെ രാജിവെക്കേണ്ടി വരും- സുബ്രഹ്മണ്യന്‍ സ്വാമി  കുറിച്ചു.
ഹിന്ദുത്വത്തിനായുള്ള പ്രധാനമന്ത്രിയുടെ സംഭാവന വട്ടപൂജ്യമാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി അഭിപ്രായപ്പെട്ടതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രാമക്ഷേത്രനിര്‍മാണത്തെ അവസാനംവരെ മോഡി എതിര്‍ത്തിരുന്നുവെന്നാണ്  ചെന്നൈയില്‍ നടന്ന  ചടങ്ങില്‍ സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചത്.

 

Latest News