ഓക്‌ലാൻഡ്- ന്യൂസിലാൻഡിൽ ആഞ്ഞുവീശിയ ഗബ്രിയേൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. രാജ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ന്യൂസിലാൻഡ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. രാജ്യത്തിന്റെ വടക്കൻ മേഖലയിലാണ് കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗബ്രിയേൽ ഒരു അഭൂതപൂർവമായ കാലാവസ്ഥ സംഭവമാണെന്നും വടക്കൻ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വലിയ ആഘാതങ്ങൾ ഉണ്ടാക്കിയതായും എമർജൻസി മാനേജ്‌മെന്റ് മന്ത്രി കീറൻ മക്അനുൾട്ടി പറഞ്ഞു. ഗിസ്ബോൺ തീരപ്രദേശം, തൈരാവിത്തി തുടങ്ങിയ ചില കമ്യൂണിറ്റികൾ വൈദ്യുതിയോ മൊബൈൽ നെറ്റ് വർക്കുകളോ റോഡ് സൗകര്യമോ ഇല്ലാതെ പൂർണമായും ഒറ്റപ്പെട്ടു.
ഏതാണ്ട് 46,000 വീടുകളിലെ വൈദ്യുതി ബന്ധം താറുമാറായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ആളുകൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ അഭയം തേടി. ന്യൂസിലാൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്‌ലാൻഡിന് സമീപമുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും രൂക്ഷമാണ്. കൂടുതൽ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം.