ലണ്ടൻ- ഇന്ത്യയിലെ ബി.ബി.സി ഓഫീസുകളിൽ നടന്ന ആദായനികുതി റെയ്ഡിനെ തുടർന്നുള്ള സ്ഥിതിഗതികൾ യു.കെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ബ്രിട്ടീഷ് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ആദായനികുതി വകുപ്പ് ചൊവ്വാഴ്ച ദൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ബി.ബി.സി വൃത്തങ്ങൾ യു.കെ സർക്കാറുമായി പങ്കുവെച്ചു. അധികാരികളുമായി റെയ്ഡിനോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും ബി.ബി.സി വ്യക്തമാക്കി. നടപടിയുമായി ബന്ധപ്പെട്ട് യു.കെ സർക്കാരിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഇന്ത്യയിലെ ബി.ബി.സിയുടെ ഓഫീസുകളിൽ നടത്തിയ നികുതി സർവേകളുടെ റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ബ്രിട്ടീഷ് വൃത്തങ്ങൾ അറിയിച്ചു.
അന്താരാഷ്ട്ര നികുതി, ബി.ബി.സി സബ്സിഡിയറി കമ്പനികളുടെ കൈമാറ്റ വിലനിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അന്വേഷിക്കുന്നതിനാണ് റെയ്ഡ് നടത്തുന്നതെന്നാണ് ന്യൂദൽഹിയിൽ ഉദ്യോഗസ്ഥർ പറയുന്നത്. ബി.ബി.സിക്ക് മുമ്പ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ധിക്കാരവും അനുസരണക്കേടുമുണ്ടെന്നും ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 2002 ലെ ഗുജറാത്ത് കലാപത്തെയും കുറിച്ച് ബി.ബി.സി രണ്ട് ഭാഗങ്ങളുള്ള വിവാദ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തതിന് ആഴ്ചകൾക്ക് ശേഷമാണ് ബി.ബി.സിക്കെതിരെ ആദായനികുതി നടപടി ഉണ്ടായത്.
ആദായനികുതി അധികാരികൾ നിലവിൽ ന്യൂദൽഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിലുണ്ടെന്നും പൂർണമായി സഹകരിക്കുന്നുണ്ടെന്നും ബി.ബി.സി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക ബി.ബി.സി ജീവനക്കാരെ ഓഫീസ് പരിസരത്ത് നിന്ന് പുറത്തുപോകുന്നതിനും അകത്തേക്ക് പ്രവേശിക്കുന്നതും ആദായനികുതി ഉദ്യോഗസ്ഥർ തടഞ്ഞു. മൊബൈൽ ഫോണുകളും മറ്റ് ഗാഡ്ജെറ്റുകളും പിടിച്ചെടുക്കുകയും ചെയ്തു.
അതേസമയം, ബി.ബി.സിക്ക് എതിരായ നടപടി യു.കെയിൽ ഞെട്ടലുണ്ടാക്കിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
'എല്ലാവരും ഞെട്ടിപ്പോയി, ഇന്നത്തെ ടാക്‌സ് സർവേ എന്ന് വിളിക്കപ്പെടുന്ന റെയ്ഡ് ബി.ബി.സിയുടെ സമീപകാല ഡോക്യുമെന്ററിയായ 'ദി മോദി ക്വസ്റ്റിൻ' എന്നതിനുള്ള പ്രതികാരമാണെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പ്രമുഖ എഴുത്തുകാരിയും അക്കാദമികയുമായ ഡോ. മുകുളിക ബാനർജി പറഞ്ഞു.
ബി.ബി.സി ഒരു സ്വതന്ത്ര പബ്ലിക് ബ്രോഡ്കാസ്റ്ററാണ്. അത് ഒരു ഡോക്യുമെന്ററി പുറത്തിറക്കുന്നത് ബ്രിട്ടീഷ് ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരമല്ല. മാധ്യമസ്വാതന്ത്ര്യം ഒരു പ്രവർത്തിക്കുന്ന ജനാധിപത്യത്തിന്റെ പ്രധാന സ്തംഭമാണെന്ന് തിരിച്ചറിയാൻ ഇന്ത്യൻ ഗവൺമെന്റിന് സാധിക്കണം. മാധ്യമസ്വാതന്ത്ര്യം എന്താണെന്ന് അവർ മനസ്സിലാക്കേണ്ടതുണ്ട്. ദൽഹിയിലും മുംബൈയിലും ബി.ബി.സിക്ക് നേരെയുള്ള ലജ്ജാകരമായ പീഡനം അവസാനിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.