Sorry, you need to enable JavaScript to visit this website.

അദാനി ആഘാതം; ഓഹരി മേഖലയിലെ ചട്ടങ്ങള്‍ക്ക് സമിതിയെ നിയോഗിക്കാമെന്ന് കേന്ദ്രം

ന്യൂദല്‍ഹി- അദാനി ഗ്രൂപ്പിനെ സംബന്ധിച്ച ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണി രംഗത്തെ ഇന്ത്യന്‍ നിക്ഷേപകരുടെ സംരക്ഷണത്തിനായി നിയന്ത്രണ ചട്ടങ്ങളില്‍ ഭേദഗതി വേണോ എന്നു പരിശോധിക്കാന്‍ വിഗദ്ധ സമിതിയെ നിയോഗിക്കാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണ സംവിധാനങ്ങളില്‍ ഭേദഗതിക്കായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീംകോടതി കേന്ദ്രത്തിന് മുന്നില്‍ നിര്‍ദേശം വെച്ചിരുന്നു.
ഓഹരി മേഖലയിലെ നിയന്ത്രണ സംവിധാനങ്ങളില്‍ സെക്യൂരിറ്റി എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഉള്‍പ്പടെ പൂര്‍ണ പ്രാപ്തരാണ്. എന്നാല്‍, കോടതി ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയത്. കമ്മിറ്റി അംഗങ്ങളെ തീരുമാനിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സീല്‍ ചെയ്ത കവറിനുള്ളില്‍ സമിതി അംഗങ്ങളുടെ പേരുകള്‍ കോടതിയില്‍ നല്‍കാമെന്നും വ്യക്തമാക്കി. കമ്മിറ്റിയുടെ രൂപീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ബുധാഴ്ചയ്ക്ക് ഉള്ളില്‍ നല്‍കാന്‍ നിര്‍ദേശിച്ച ചീഫ് ജസ്റ്റീസ് വിഷയം വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാമെന്ന് വ്യക്തമാക്കി.
    ഓഹരി വിപണിയില്‍ ഒരു സമിതിയുടെ നിരീക്ഷണം സ്ഥിരമായി ഉണ്ടായിരിക്കും എന്ന പ്രവണത അന്താരാഷ്ട്ര തലത്തില്‍ നിന്നും ആഭ്യന്തര തലത്തില്‍ നിന്നുമുള്ള പണത്തിന്റെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിധഗ്ധ സമിതി രൂപീകരണത്തില്‍ സര്‍ക്കാരിന് തീരുമാനം എടുക്കാന്‍ അധികാരം വേണമെന്ന ആവശ്യത്തിന് പിന്നില്‍.
    അദാനി ഗ്രൂപ്പിന്റെ തട്ടിപ്പ് വെളിപ്പെടുത്തുന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ നിക്ഷേപകരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി രംഗത്തെത്തിയത്. ഇത്തരം സാഹചര്യങ്ങളില്‍ നിയന്ത്രണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെയും സെക്യൂരിറ്റി എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും (സെബി) വിശദീകരണം തേടിയിരുന്നു. ഓഹരി മേഖലയിലെ നിയന്ത്രണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിനെക്കുറിച്ചും ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ആരാഞ്ഞു.
    ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ ഇപ്പോള്‍ പരസ്യമായി നടത്തുന്നത് ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് ബോധ്യമുണ്ട്. ഓഹരി വിപണി മുഖ്യമായും വൈകാരികമായി പ്രവര്‍ത്തിക്കുന്നതും കൂടിയാണ്. അതിനാല്‍ തന്നെ ജാഗ്രതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍, ഓഹരി വിപണിയുടെ സുസ്ഥിര പ്രവര്‍ത്തനത്തിനും നിക്ഷേപകരുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയും നിലവിലെ ചട്ടങ്ങളെ ബലപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വിദഗ്ധ സമിതി എന്ന നിര്‍ദേശത്തോട് കേന്ദ്രവും സെബിയും യോജിക്കുന്നുണ്ടെങ്കില്‍ അതു രൂപീകരിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു വരണമെന്നും നിര്‍ദേശിച്ചു. ഓഹരി വിപണിയിലെ വിദ്ഗധര്‍, അന്താരാഷ്ട്ര ബാങ്കിം മേഖലയിലെ വിദഗ്ധര്‍, മുന്‍ ജഡ്ജി എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ഒരു വിദഗ്ധ സമിതി എന്ന ആശയമാണ് സുപ്രീംകോടതി മുന്നോട്ട് വെച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News