കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വ്യാജ രേഖ ഹാജരാക്കിയ സംഭവത്തിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. വ്യാജരേഖ ഹാജരാക്കി ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയെന്നാണ് ഉണ്ണി മുകുന്ദനും അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനും എതിരായ ആക്ഷേപം. സംഭവത്തില്‍ അഭിഭാഷകന്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ വിശദീകരണം നല്‍കാന്‍ നടന്‍ ഉണ്ണി മുകുന്ദനോടും നിര്‍ദ്ദേശമുണ്ട്. രേഖകള്‍ വ്യാജമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ 2021ല്‍ ഉണ്ണി മുകുന്ദന് അനുകൂലമായി കേസ് സ്‌റ്റേ ചെയ്ത ഉത്തരവ് ഹൈക്കോടതി തിരുത്തിയിരുന്നു.
കേസില്‍ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് അഭിഭാഷകന്‍ സൈബി ജോസ് നല്‍കിയ രേഖ വ്യാജമെന്നാണ് കണ്ടെത്തല്‍. താന്‍ ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചതോടെയാണ് സ്റ്റേ നീക്കിയത്. ഇടപ്പള്ളിയിലെ വീട്ടില്‍ സിനിമയുടെ കഥ പറയാന്‍ എത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ തനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച് പണം തട്ടാനാണ് യുവതി ശ്രമിക്കുന്നതെന്നാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. കേസില്‍ കുടുക്കാതിരിക്കാന്‍ 25 ക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു നടന്റെ പരാതി. 2017 ഓഗസ്റ്റ് 23ന് നടന്നുവെന്ന് പറയുന്ന സംഭവത്തില്‍ 2017 സെപ്റ്റംബര്‍ 15നാണ് യുവതി പരാതി നല്‍കിയത്.