കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. ഭൂമി ഏറ്റെടുക്കുന്ന പ്രദേശങ്ങളിലെ സാമൂഹികാഘാത പഠനമാണ് ഇന്ന് തുടങ്ങുക. ആറ് മാസത്തിനകം ഭൂമി ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിക്രമങ്ങളെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.
കൊണ്ടോട്ടി നഗരസഭാ പരിധിയിലും, പള്ളിക്കല്‍ പഞ്ചായത്തിലുമായി പതിനാലര ഏക്കര്‍ ഭൂമിയാണ് കരിപ്പൂര്‍ റണ്‍വേ വികസനത്തിനായി ഇനി ഏറ്റെടുക്കേണ്ടത്. ഭൂമി ഏറ്റെടുക്കലിനെതിരെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. സാമൂഹികാഘാത പഠനമുള്‍പ്പെടെ നടത്തിയതിന് ശേഷമേ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാവൂ എന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതേ തുടര്‍ന്നാണ് പഠനം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം. മൂന്ന് മാസത്തിനകം സാമൂഹികാഘാത പഠനവും, വിദഗ്ധ സമിതി പരിശോധനയും നടത്തും. ആറ് മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഭൂമി ഏറ്റെടുക്കല്‍ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. നഷ്ടപരിഹാരം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഭൂവുടമകള്‍ക്ക് നേരിട്ട് കൈമാറും. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി തുടര്‍ പ്രവര്‍ത്തികള്‍ക്കായി സിവില്‍ ഏവിയേഷന്‍ ഡിപാര്‍ട്ട്‌മെന്റിന് കൈമാറും.