ജന്മനാടായ കുന്ദംകുളത്ത് മുസ്‌ലിംകൾ കുറവായതിനാൽ ഇസ്‌ലാം മതത്തിന്റെ കർമ്മങ്ങളും പൊരുളും എനിക്കറിയില്ലായിരുന്നു.
എന്നാൽ 20 വയസ്സ് കഴിഞ്ഞ് വിദ്യാർത്ഥി രാഷ്ട്രീയവുമായി കോഴിക്കോട്ടെത്തിയതോടെ എന്റെ സൗഹൃദങ്ങളിൽ കൂടുതൽ മുസ്‌ലിം സഹോദരങ്ങളായി. അഞ്ച് നേരത്തെ നമസ്‌കാരം, റമദാൻ നോമ്പ്, സകാത്ത്, ഹജ് തുടങ്ങിയ കർമങ്ങളെക്കുറിച്ച് മനസ്സിലാക്കിയത് അതു വഴിയാണ്.
പരലോകമാണ് ലക്ഷ്യമെങ്കിലും ലൗകികമായ കാര്യങ്ങൾക്ക് വളരെ പ്രാധാന്യം കൽപിക്കുന്ന മതമാണ് ഇസ്‌ലാം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഭക്ഷണം കഴിക്കുക, വസ്ത്രം ധരിക്കുക, കുടുംബങ്ങൾ ദൃഢപ്പെടുത്തുക, പരസ്പരം ബഹുമാനിക്കുക തുടങ്ങിയവയിലെല്ലാം ഒരു സുന്നത്ത് അവർ കാണുന്നു. എന്നാൽ റമദാനിൽ ആവശ്യമായതത്രയും ഉപേക്ഷിക്കാനും വ്രതമെടുക്കാനും ആവശ്യപ്പെടുന്നു. അപ്പോഴും രോഗികൾക്കും കുട്ടികൾക്കും യാത്രക്കാരനും നോമ്പ് നിർബന്ധമില്ലെന്ന് പറയുന്നു. ഒരിക്കലും കർമ്മങ്ങൾ ഇവിടെ അടിച്ചേൽപിക്കുന്നില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
1977 ലാണ് ഞാൻ കോഴിക്കോട്ട് എത്തുന്നത്. എസ്.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആയിരുന്നു. ആ സമയത്ത് എം.എസ്.എഫുമായി യോജിച്ചു പ്രവർത്തിക്കാനായി. മുസ്‌ലിം ലീഗും അഖിലേന്ത്യാ ലീഗുമുള്ള സമയമാണ്. ഇരു പാർട്ടികളിലേയും നേതാക്കളുമായി സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നു. അവരെ ഒരുമിച്ച് നിർത്താനും കഴിഞ്ഞു.
കോഴിക്കോട്ടെ ഓട്ടോറിക്ഷ ഡ്രൈവറായ ബീരാൻ കോയ മുതൽ പ്രൊഫ. കെ.എ ജലീൽ,വൈസ് ചാൻസലർ മുഹമ്മദ് ഗനി, ബി.വി അബ്ദുല്ലക്കോയ, പി.എം.അബൂബക്കർ സാഹിബ്, വൈക്ക് മുഹമ്മദ് ബഷീർ, പുനത്തിൽ കുഞ്ഞബ്ദുളള, എൻ.പി മുഹമ്മദ് അടക്കമുള്ള നൂറുകണക്കിന് പ്രസിദ്ധരും അല്ലാത്തവരുമായ മുസ്‌ലിം സഹോദരങ്ങളുമായുളള സമ്പർക്കമാണ് എന്നിൽ ഇസ്‌ലാമിനെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ പ്രേരിപ്പിച്ചത്. അവരുടെ പെരുമാറ്റം, ജീവിത രീതി തുടങ്ങിയവയെല്ലാം ഞാൻ ചെറുപ്പത്തിൽ കണ്ട് പരിചയിച്ചു പോന്നവയിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു.
പകലന്തിയോളം അന്നപാനീയങ്ങൾ വെടിഞ്ഞ് നോമ്പെടുക്കുന്ന സഹോദരങ്ങളെ കണ്ട് പിൽക്കാലത്ത് റമദാനിൽ നോമ്പ് എടുക്കാനും ഞാൻ ശ്രമിച്ചു. നോമ്പ് കാലത്ത് സൗഹൃദങ്ങളിലൂടെയുളള ദാനധർമങ്ങൾ പട്ടിണിപ്പാവങ്ങൾക്ക് ഏറെ ഗുണം ചെയ്യുന്നു. കോഴിക്കോട് കുറ്റിച്ചിറയിൽ നോമ്പ് തുറക്ക് പോയപ്പോഴാണ് ആദ്യമായി മജ്‌ലിസ് ഞാൻ കാണുന്നത്. ഒരു പാത്രത്തിൽ നിന്ന് പരസ്പരം എടുത്ത് കഴിക്കുന്നതിലെ സൗഹാർദം ലോകത്ത് എവിടെയും ലഭിക്കില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരേ ദിവസം ഒന്നിലധികം ഇഫ്താർ വിരുന്നുകളിൽ പങ്കെടുക്കേണ്ട അവസരവുമുണ്ടായിട്ടുണ്ട്. കൃത്യമായ സമയത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതി നമുക്ക് റമദാനിൽ മാത്രമാണ് കാണാനാവുക. അതുപോലെ റമദാൻ കഴിഞ്ഞുളള പെരുന്നാളിന് പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിലെ സുന്നത്തും എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.ആഗോള വ്യാപകമായി ഇസ്‌ലാമിനെ ഭീകര മതമാക്കാനുള്ള ശ്രമങ്ങൾ സംഘടിതമായി നടക്കുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യ പിടിച്ചടക്കിയപ്പോൾ ഹിന്ദു സംസ്‌കാരത്തെ അത്തരക്കാർ ഭീകരമായി ചിത്രീകരിച്ചത് പോലെയാണിത്.
അത് വഴി രാജ്യത്തെ ജനങ്ങളെ മതപരമായി ധ്രുവീകരിക്കാനായിരുന്നു ശ്രമം. അതു പോലെയാണ് ഇന്ന് ഇസ്‌ലാമിനോട് ചിലർ കാണിക്കുന്നതും. ഒരാളെ മാറ്റി നിർത്തി മറ്റുളളവരെ പുകഴ്ത്തുന്ന സമീപനം ആ ജനതയെ ഒന്നടങ്കം മോശക്കാരാക്കുന്നതിന് തുല്യമാണ്. പ്രവാചകൻ മുഹമ്മദ് നബി ഒരിക്കലും തന്റെ മതം അനുയായികളുടെ മേൽ നിർബന്ധപൂർവം അടിച്ചേൽപിച്ചിട്ടില്ല.
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മതമാണ് ഇസ്‌ലാം. ആത്മസംസ്‌കരണത്തിന്റെ പുണ്യമാസമായ വിശുദ്ധ റമദാനിലെ ഉപവാസം ഇസ്‌ലാമിന്റെ സമാധാന ദൗത്യത്തെ അടിവരയിടുന്ന അച്ചടക്ക പൂർണമായ അനുഷ്ഠാനമാണ്.
(തയാറാക്കിയത്: അഷ്‌റഫ് കൊണ്ടോട്ടി)