Sorry, you need to enable JavaScript to visit this website.

അവിടെ ഇങ്ങനെയാണ് ; ത്രിപുരയില്‍ യെച്ചൂരിയുടെ കാല് തൊട്ട് വണങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

അഗര്‍ത്തല: കേരളത്തില്‍ സി പി എമ്മും കോണ്‍ഗ്രസസും കീരിയും പാമ്പുമാണെങ്കിലും ത്രിപുരയില്‍ അടയും ചക്കരയുമാണ്. അവിടെ കോണ്‍ഗ്രസുകാരുടെയും കമ്യൂണിസ്റ്റുകാരുടെയും ചങ്ങാത്തം കണ്ടാല്‍ ഒരമ്മ പെറ്റ മക്കളാണെന്നേ തോന്നൂ. കോണ്‍ഗ്രസിന്റെ കൊടി കെട്ടുന്നത് സി പിഎമ്മുകാരന്‍. സി പി എമ്മിന്റെ കൊടി കെട്ടുന്നത് കോണ്‍ഗ്രസുകാരനും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കായി സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വരെ വോട്ട് ചോദിക്കും. കോണ്‍ഗ്രസ് ദേശീയ നേതൃത്വം തിരിഞ്ഞ് നോക്കാത്ത സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍, സി പി എം ജനറല്‍ സെക്രട്ടറിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങാനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കും താത്പര്യം.

സി പി എം സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഒരേ വേദിയില്‍ എത്തി പ്രചാരണം നടത്തും, പ്രസംഗിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിയാണ് കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി വോട്ട് ചോദിക്കുന്നത് വരെ. രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം വച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും ഇവരാരും പ്രചാരണത്തിന് എത്തിയിട്ടില്ല. ധാരണ അനുസരിച്ച് കിട്ടിയ പതിമൂന്ന് സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് സിപിഎം സംഘടനാ സംവിധാനത്തെയാണ്. കുറഞ്ഞ സീറ്റിലേ കോണ്‍ഗ്രസ് മത്സരിക്കുന്നുള്ളൂ. കോണ്‍ഗ്രസ് മേഖലകളിലെ റാലികളിലെല്ലാം സിപിഎം  കൊടികള്‍ക്കൊപ്പം തന്നെയാണ് കോണ്‍ഗ്രസിന്റെ മൂവര്‍ണകൊടിയും പാറുന്നത്. പ്രചാരണ റാലികളിലെ വേദിയിലുമെല്ലാം അരിവാള്‍ ചുറ്റികക്കൊപ്പം കൈപ്പത്തി ചിഹ്നവുമുണ്ട്. ബി ജെ പിയുടെ വര്‍ഗീയ അജണ്ടയെ തോല്‍പ്പിക്കാന്‍ വ്യത്യസ്ഥ ചേരിയിലാണെങ്കിലും മതേതര പാര്‍ട്ടികള്‍ സഹകരിക്കണമെന്നതാണ് സി പി എം പാര്‍ട്ടികോണ്‍ഗ്രസ് നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് ബംഗാളിന് പിന്നാലെ ത്രിപുരയിലും കോണ്‍ഗ്രസ് സി പി എം വിശാല ധാരണയുണ്ടാക്കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

 

Latest News