Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടി ജനിച്ചാല്‍ 50,000 രൂപയുടെ ബോണ്ട്, വാഗ്ദാന പെരുമഴയുമായി ത്രിപുരയില്‍ ബി.ജെ.പി

അഗര്‍ത്തല- വനിതാ വോട്ടര്‍മാരേയും ഗോത്രവര്‍ഗത്തേയും ലക്ഷ്യമിട്ട് വന്‍ വാഗ്ദാനങ്ങളുമായി ത്രിപുരയില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക. 'ഉന്നതോ ത്രിപുര, ശ്രേഷ്‌തോ ത്രിപുര' എന്ന മുദ്രാവാക്യമുയര്‍ത്തി സങ്കല്‍പ് പത്ര എന്ന പേരിലാണ് ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ പെണ്‍കുട്ടി ജനിച്ചാല്‍ 50,000 രൂപയുടെ ബോണ്ട് അടക്കമുള്ള വാഗ്ദാനങ്ങളാണ് പാര്‍ട്ടി മുന്നോട്ട് വെക്കുന്നത്.  പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയത്.

മെരിറ്റ് അടിസ്ഥാനത്തില്‍ കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടി, ഉജ്ജ്വല യോജനപ്രകാരം രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍, സംസ്ഥാനത്ത് വനിതകള്‍ മാത്രമുള്ള ആദ്യ പോലീസ് ബെറ്റാലിയന്‍, എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും പ്രസവവാര്‍ഡുകള്‍ എന്നിവയാണ് സ്ത്രീകളെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങള്‍. രാജകുടുംബാംഗവും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ പ്രദ്യോത് ദേബ് ബര്‍മ്മന്റെ നേതൃത്വത്തിലുള്ള തിപ്ര മോത്തയുടെ മുന്നേറ്റം തടയാന്‍ ഗോത്രവര്‍ഗത്തെ ലക്ഷ്യമിട്ടുള്ള വലിയ വാഗ്ദാനങ്ങളും ബി.ജെ.പി. പ്രകടനപത്രികയുടെ ഭാഗമാണ്.

ഭരണഘടനയുടെ 125 ാം ഭേദഗതി ബില്ലിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ഗോത്ര ജില്ലാകൗണ്‍സിലുകള്‍ക്ക് കൂടുതല്‍ സ്വയംഭരണാധികാരം നല്‍കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. കൗണ്‍സിലുകള്‍ക്ക് ജനസംഖ്യാനുപാതികമായി ബജറ്റ് വകയിരുത്തല്‍, കേന്ദ്രത്തിന് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കൗണ്‍സിലുകള്‍ക്ക് അധികാരം, ഗോത്രവര്‍ഗത്തിന് അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും നിലനിര്‍ത്താന്‍ കൗണ്‍സില്‍ പരിധിയില്‍ െ്രെടബല്‍ കോടതി സ്ഥാപിക്കാന്‍ കേന്ദ്രവുമായി ചേര്‍ന്ന് നടപടികള്‍, രാജ്യത്ത് പ്രധാനനഗരങ്ങളില്‍ കൗണ്‍സില്‍ ഭവനുകള്‍, ഗോത്രവര്‍ഗ കുടുംബങ്ങള്‍ക്ക് 5,000 രൂപ വാര്‍ഷിക ധനസഹായം, ഗോത്ര ജില്ലാ കൗണ്‍സിലുകളിലെ എല്ലാ ബ്ലോക്കിലും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയാണ് ഗോത്രവര്‍ഗത്തെ ലക്ഷ്യമിട്ടുള്ള പ്രധാനവാഗ്ദാനങ്ങള്‍. ത്രിപുരയിലെ മഹാരാജാവും പ്രദ്യോത് ദേബ് ബര്‍മ്മന്റെ മുത്തച്ഛനുമായിരുന്ന ബിര്‍ ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മ്മന്റെ പേരില്‍ െ്രെടബല്‍ സര്‍വകലാശാലയാണ് മറ്റൊരു പ്രധാനവാഗ്ദാനം.

കിസാന്‍ സമ്മാന്‍ നിധി വഴിയുള്ള സഹായധനം 6,000 ല്‍ നിന്ന് 8,000 രൂപയാക്കി ഉയര്‍ത്തും, സ്വന്തമായി ഭൂമിയില്ലാത്ത കര്‍ഷകര്‍ക്ക് 3,000 രൂപ വാര്‍ഷിക സഹായം, മത്സ്യ കര്‍ഷകര്‍ക്ക് വര്‍ഷം 6,000 രൂപ ധനസഹായം എന്നിവയാണ് കര്‍ഷകരെ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങള്‍. യുവാക്കള്‍ക്ക് ടൂറിസം അടക്കമുള്ള മേഖലയുമായി ബന്ധപ്പെട്ട് സ്വയംതൊഴില്‍ സാധ്യതകള്‍, മെറിറ്റ് അടിസ്ഥാനത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് 50,000 സ്മാര്‍ട്ട് ഫോണുകള്‍ എന്നിവ പ്രധാനവാഗ്ദാനങ്ങളാണ്.

 

Latest News