അങ്കാറ- ഭൂകമ്പത്തിൽ തകർന്നു തരിപ്പണമായ കെട്ടിടങ്ങൾക്കുള്ളിൽനിന്ന് ജീവിതത്തിലേക്ക് പത്തു ദിവസം പ്രായമുള്ള കുഞ്ഞിന്റെ അത്ഭുതകരമായ തിരിച്ചുവരവ്. തിങ്കളാഴ്ച മുതൽ കെട്ടിടത്തിനുള്ളിൽ പെട്ട കുഞ്ഞിനെയും മാതാവിനെയുമാണ് രക്ഷാപ്രവർത്തകർ വെള്ളിയാഴ്ച പുറത്തെടുത്തത്. പത്തു ദിവസം പ്രായമുള്ള യാഗിസ് ഉലാസിനെ വെള്ളിയാഴ്ച ഹതയ് പ്രവിശ്യയിലെ സമന്ദഗ് ജില്ലയിൽനിന്നാണ് രക്ഷിച്ചത്. കുഞ്ഞിനെ പുറത്തെടുത്തതിന് പിന്നാലെ അമ്മയെയും രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. ഇരുവരെയും സമന്ദഗിലെ ഫീൽഡ് മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി.
Yağız Ulaş bebek sadece 10 günlük. Depremden 90 saat sonra Hatay Samandağ’da annesi ile birlikte enkazdan çıkarıldı. pic.twitter.com/7jjjEXQfiV
— Ekrem İmamoğlu (@ekrem_imamoglu) February 9, 2023
തുർക്കിയിലും അയൽരാജ്യമായ സിറിയയിലും 22,000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിൽനിന്ന് ഇപ്പോഴും ആളുകളെ രക്ഷിക്കുന്നത് തുടരുകയാണ്. വെള്ളിയാഴ്ച ഏഴ് കുട്ടികളെയെങ്കിലും രക്ഷപ്പെടുത്തിയതായി ദുരന്തനിവാരണസേന പുറത്തുവിട്ട വീഡിയോകൾ വ്യക്തമാക്കുന്നു. അവരുടെ അവിശ്വസനീയമായ അതിജീവനം തിരച്ചിൽ സംഘങ്ങളെ പ്രചോദിപ്പിച്ചു. നിരവധി മുതിർന്നവരും ജീവിതത്തിലേക്ക് തിരിച്ചുവരുന്നു.