റിയാദ് - താല്‍ക്കാലിക തൊഴില്‍ വിസാ കാലാവധി മൂന്നു മാസമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം വ്യക്തമാക്കി. താല്‍ക്കാലിക തൊഴിലുകള്‍ നിര്‍വഹിക്കാന്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ഇത്തരം വിസകള്‍ക്ക് നിരവധി സവിശേഷതകളുണ്ട്. താല്‍ക്കാലിക വിസക്ക് അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് തല്‍ക്ഷണം വിസകള്‍ അനുവദിക്കും. മൂന്നു മാസമാണ് വിസയുടെ കാലാവധി. ഇത് തത്തുല്യ കാലത്തേക്ക് ദീര്‍ഘിപ്പിക്കാവുന്നതാണ്. താല്‍ക്കാലിക തൊഴില്‍ വിസകളില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് സൗദിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം സ്ഥാപനങ്ങളുടെ വിഭാഗത്തെ ബാധിക്കില്ല.
താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് കാലാവധിയുള്ള കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത സ്ഥാപനങ്ങളെ ഈ വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കും. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമാണ് താല്‍ക്കാലിക തൊഴില്‍ വിസകള്‍ അനുവദിക്കുക. വേതന സുരക്ഷാ പദ്ധതി പാലിക്കുന്നതില്‍ സ്ഥാപനങ്ങളുടെ ഭാഗത്ത് വീഴ്ചകള്‍ സംഭവിക്കാനും പാടില്ല.
നിതാഖാത്ത് പ്രകാരം സ്ഥാപനങ്ങളുടെ വിഭാഗം ഇടത്തരം പച്ചയോ അതില്‍ ഉയര്‍ന്ന വിഭാഗമോ ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സ്ഥാപനത്തിനു കീഴിലെ ഒരു തൊഴിലാളിയുടെയും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാതെ കാലാവധി തീര്‍ന്ന നിലയിലുണ്ടാകാന്‍ പാടില്ലെന്നും നിബന്ധനയുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. താല്‍ക്കാലിക തൊഴില്‍ വിസകളില്‍ റിക്രൂട്ട് ചെയ്യുന്ന വിദേശികള്‍ ഇഖാമകള്‍ നേടേണ്ട ആവശ്യമില്ല.
അതേസമയം, രണ്ടു സാഹചര്യങ്ങളില്‍ മാത്രമാണ് വിദേശ തൊഴിലാളിയെ തൊഴിലുടമയുടെ പേരില്‍ നിന്ന് നീക്കം ചെയ്യുകയെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുകയോ മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ചെയ്യുന്നതു വരെ വിദേശ തൊഴിലാളിയെ ആദ്യ തൊഴിലുടമക്കു കീഴിലുള്ള തൊഴിലാളിയായി കണക്കാക്കുന്നത് തുടരുമെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അന്വേഷണത്തിന് മറുപടിയായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. തങ്ങള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്ക് ആരോഗ്യ, ചികിത്സാ പരിചരണങ്ങള്‍ ലഭ്യമാക്കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)