രുചിയുടെ ലോകത്തോടൊപ്പം അഭിനയ ലോകവും കീഴടക്കാനുള്ള സ്വപ്നത്തിലാണ് നടി സുവൈബത്തുല്‍ അസ്ലമിയ. തലശ്ശേരിയിലെ നാണംകുണുങ്ങിപ്പെണ്ണായിരുന്ന തന്നെ സോഷ്യല്‍ മീഡിയ താരവും അതോടൊപ്പം സംരംഭകയുമാക്കിയത് പി.ജി പഠനത്തിനു ശേഷം തുടക്കമിട്ട കേക്ക് ബിസിനസായിരുന്നുവെന്ന് സുവൈബത്ത് പറയുന്നു.
സോഷ്യല്‍ മീഡിയ പ്രൊമോഷനുകളുടെ ഭാഗമായി സൗദി അറേബ്യയിലെത്തിയ സുവൈബത്ത് മലയാളം ന്യൂസ് ഓഫീസ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ബിസിനസുകാരി എന്നതോടൊപ്പം നടിയായും മുന്നോട്ടു പോകണമെന്ന ആഗ്രഹം പങ്കുവെച്ചത്. ഒമര്‍ ലുലുവിന്റെ 'നല്ല സമയ' ത്തിലെ നായികമാരില്‍ ഒരാളായ സുവൈബത്തിന് രണ്ടു സിനിമകളില്‍ കൂടി അവസരം വരികയാണ്. സൂപ്പര്‍ ഹിറ്റ് സംവിധായകന് സിദ്ദീഖിന്റെ ചിത്രമാണ് ഇതിലൊന്ന്.
പിതാവ് ജോലി ചെയ്യുന്ന ഖത്തറില്‍ പ്രവാസ ജീവതം ആരംഭിച്ച് ബഹ്റൈന്‍ വഴി യു.എ.ഇയിലെത്തിയ സുവൈബത്ത് ഇപ്പോള്‍ അവിടെ ഒരു ലീഗല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. സോഷ്യല്‍ മീഡിയയില്‍ നല്ല ഫോളോവേഴ്സുള്ള സുവൈബത്ത് നാട്ടില്‍ തുടങ്ങിയ കേക്ക് ബിസിനസിന് അര്ധവിരാമമിട്ടിരിക്കയാണ്. തലശ്ശേരിയില്‍ വീട്ടില്‍ സെറ്റ്ല് ചെയ്ത ബേക്കറി തന്നെ ഇപ്പോഴും മാടി വിളിക്കന്നുണ്ടെന്നും സംരംഭകയാകുകയെന്ന മോഹം ഉപേക്ഷിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ യഥാസമയം അധികൃതരുടെ മുന്നിലെത്തിക്കുന്ന മലയാളം ന്യൂസിനെ കുറിച്ച് ഏറെ കേട്ടിട്ടുണ്ടെന്നും സന്ദര്‍ശിക്കാനായതില്‍ സന്തോഷമുണ്ടെന്നും സുവൈബത്ത് പറഞ്ഞു. സിനിമയില്‍ അവസരം വന്നപ്പോള്‍ പലരും പേരു മാറ്റാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഉപ്പക്ക് പ്രിയപ്പെട്ട ഈ പേര് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുവൈബത്തുല്‍ അസ്ലമിയ ചോദ്യത്തിനു മറുപടി നല്കി. സൗദി അറേബ്യയിലെത്തി ഉംറ നിര്‍വഹിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി. താന്‍ ചെയ്യുന്ന പ്രൊമോഷന് വീഡിയോകള്‍ക്ക് അറബികളിലും വലിയ സ്വാധീനമുണ്ടെന്നും അതുകൊണ്ടാണ് സൗദിയിലും അത്തരം വീഡിയോകള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഇരിങ്ങണ്ണൂരിലെ മൊയ്തു പാലപറമ്പത്ത് - ഷെരീഫ ദമ്പതിമാരുടെ മകളായ സുവൈബത്തുല്‍ അസ്ലമിയ ബയോകെമിസ്ട്രിയില്‍ എം.എസ്സി പൂര്‍ത്തിയാക്കിയ ശേഷമാണ് ഐന അമാല്‍ കേക്ക്സ് എന്ന കേക്കിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മികച്ച സംരംഭകയായി പ്രവര്‍ത്തിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായാണ് സുവൈബത്തിന്റെ സിനിമ പ്രവേശം.
രുചിയുടെ തറവാടാണ് തലശ്ശേരിയെന്നും അതുകൊണ്ടു തന്നെ രുചിയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അത് തുടരുമെന്നും സുവൈബത്ത് പറഞ്ഞു.