നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ചും അത് മനുഷ്യരെ എങ്ങനെ ബാധിക്കും എന്നതിനെ കുറിച്ചുമുള്ള ടെസ്ലയുടേയും എലന്‍ മസ്‌കിന്റേയും ധാരണകള്‍ യഥാര്‍ത്ഥത്തില്‍ തെറ്റാണെന്ന് മുന്‍ ഗൂഗിള്‍ മേധാവി എറിക് ഷ്മിഡ്റ്റ് പറഞ്ഞു. പാരിസില്‍ നടന്ന വിവ ടെക്ക് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ഷ്മിഡ്റ്റ്.
നിര്‍മിത ബുദ്ധി മനുഷ്യ വംശത്തിന് ദോഷമാണെന്നും അത് മൂന്നാം ലോക മഹായുദ്ധത്തിന് വഴിയൊരുക്കുമെന്നുമാണ് മസ്‌ക് കരുതുന്നത്. എന്നാല്‍ മസ്‌കിന് തെറ്റുപറ്റിയെന്നാണ് എനിക്ക് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാങ്കേതിക വിദ്യയുടെ ദുരുപയോഗ സാധ്യതയെ കുറിച്ചാണ് മസ്‌ക് ആശങ്കപ്പെടുന്നത്. ഞാനും അതില്‍ ആശങ്കാകുലനാണ്. എന്നാല്‍ അതിനേക്കാളുപരി ആ സാങ്കേതികവിദ്യയുടെ നേട്ടങ്ങളെയാണ് ഞാന്‍ അംഗീകരിക്കുന്നത്. നിര്‍മിത ബുദ്ധി ആളുകളെ മിടുക്കരാക്കുന്നു എന്ന് തന്നെയാണ് അതിന്റെ ആത്യന്തിക നേട്ടവുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ബോര്‍ഡ് അംഗമാണ് ഷ്മിഡ്റ്റ്.