മുംബൈ- ഉത്തരേന്ത്യയിൽ ഉർദു കവികളുടെ കവിയരങ്ങുകളാണ് മുശായിറ. പ്രവാചക പ്രകീർത്തനങ്ങൾ പാടിയും പറഞ്ഞും കവികൾ സംഗമിക്കുന്ന ഈ വേദികളിലെ നിത്യ സാന്നിധ്യമായ വേറിട്ട ഒരു കവിയുണ്ട്. പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രകീർത്തനങ്ങൾ ഒട്ടേറെ എഴുതിയ പണ്ഡിറ്റ് സാഗർ പൃഥ്വിപാൽ ത്രിപാഠി. സാഗർ ത്രിപാഠിയെന്ന് മുശായിറകളിലെ സുപരിചിത പേര്. സായിബാനെ റഹ്മത്ത് എന്ന പ്രവാചക കീർത്തന കാവ്യങ്ങളുടെ (നാത്തിയ ശാഇരി) ഒരു സമാഹാരം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട് സാഗർ ത്രിപാഠി. പ്രവാചകൻ ഉദ്‌ഘോഷിച്ച മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ കവിയുടെ പശ്ചാത്തലം തന്നെ അതു വ്യക്തമാക്കുന്നതാണ്.
അയോധ്യയിലെ ക്ഷേത്ര ട്രസ്റ്റായ രാം ലീല വിന്യാസിന്റെ ഭാഗമായ കുടുംബത്തിൽ നിന്നാണ് സാഗർ ത്രിപാഠി വരുന്നത്. ഇപ്പോൾ മുംബൈയിലെ കൊളാബയിലാണു താമസം. വിശ്വ ബ്രാഹ്മൺ പരിഷത്തിന്റെ ആഗോള പ്രസിഡന്റ് കൂടിയാണ് ഈ കവി. എന്നാൽ ഇതിന്റെയൊന്നും പേരിലല്ല സാഗർ ത്രിപാഠിയുടെ പ്രശസ്തി. പ്രവാചകന്റെ പ്രകീർത്തനങ്ങളും അധ്യാപനങ്ങളും ചേർത്ത് കവിതകൾ രചിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ഈ കവിതകളുടെ അവതരണങ്ങളുമായി ഉത്തരേന്ത്യയിലുടനീളമുള്ള മുശായിറകളിൽ അദ്ദേഹം നിത്യ സാന്നിധ്യമാണ്. ദൈവ സ്തുതിയായ ഹംദും നാത്തിയാ കലാമുമായി തുടങ്ങുന്ന അദ്ദേഹത്തിന്റെ പ്രവാചക പ്രണയ കാവ്യങ്ങൾക്ക് അനുവാചകർ ഏറെയാണ്.
പ്രവാകൻ മുസ്‌ലിംകളുടേത് മാത്രമല്ലെന്ന് അദ്ദേഹം പറയുന്നു. ഖുർആൻ, ഭഗവത്ഗീത, പ്രവാചക ചരിത്രങ്ങൾ തുടങ്ങി നിരവധി ഗ്രന്ഥങ്ങളും പുരസ്‌കാരങ്ങളും നിറഞ്ഞ സാഗർ ത്രിപാഠിയുടെ സ്വീകരണ മുറിയിൽ സന്ദർശനത്തിനെത്തുന്ന മുസ്ലിം സുഹൃത്തുക്കൾക്കായി മുസ്വല്ലയും വിരിച്ചിട്ടുണ്ട്.
ഉർദു, ദേവനാഗരി ലിപികളിൽ എഴുതിയ അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞ് നിൽക്കുന്നത് പ്രചാവക കീർത്തനങ്ങൾ മാത്രമല്ല, ഇന്ത്യയുടെ സമ്മിശ്ര സംസ്‌കാരത്തിന്റെ സാരാംശങ്ങളുമുണ്ട്. ഹിന്ദു-മുസ്ലിം സഹിഷ്ണുത മാത്രമല്ല അവ ഉദ്‌ഘോഷിക്കുന്നത്; സഹവർത്തിത്വവും സഹകരണവും കൂടിയാണ്. പ്രവാചകൻ മുസ്ലിംകളുടേത് മാത്രമല്ല. മാനവികതയുടേതാണ്. അദ്ദേഹത്തിൽ നിന്നും ഞാൻ അനുഗ്രഹം തേടുന്നതിൽ ഒരു കുഴപ്പവുമില്ല- ത്രിപാഠി പറയുന്നു.
ഉത്തർ പ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ത്രിപാഠിയുടെ ജനനം. സ്വന്തമായി ബിസിനസുള്ള ത്രിപാഠി പഠനം കാലം മുതൽ കവിത എഴുതി തുടങ്ങിയിട്ടുണ്ട്. അലഹാബാദ് യൂണിവേഴ്‌സിറ്റി പഠനകാലത്ത് പ്രശസ്ത ഉർദു കവി രഘുപതി സഹായ് ഫിറാഖ് ഗോരഖ്പൂരിയുടെ ശിക്ഷണവും ലഭിച്ചു. മുത്തശ്ശന്റെ ആഗ്രഹം തന്നെ ഒരു ഐഎഎസുകാരൻ ആക്കാനായിരുന്നുവെന്ന് ത്രിപാഠി ഓർക്കുന്നു. എന്നാൽ പിന്നീട് ഫിറാഖ് ഗൊരഖ്പൂരിയുടെ നാടിനടുത്തേക്ക് കുടുംബ താമസം മാറിയതോടെ ത്രിപാഠി കൂടുതൽ കവിതകളുമായി അടുക്കുകയായിരുന്നു. അങ്ങനെ ഉർദു കവിതാ രംഗത്ത് ചുവടുറപ്പിച്ചു. ജീവിക്കാൻ എനിക്ക് സമ്പാദ്യമുണ്ട്. എന്നാൽ പണത്തിനൊന്നും നികത്താൻ കഴിയാത്ത ഒരു ശൂന്യത എന്നിലുണ്ട്. ഈ വിടവ് കവിതകളാണ് നികത്തുന്നത്. കവിത എനിക്കൊരു തെറപ്പി പോലെയാണ് ത്രിപാഠി പറഞ്ഞു. തന്റെ പുസ്തകം വിറ്റു ലഭിക്കുന്ന പണം പാവപ്പെട്ട മുസ്‌ലിം കുട്ടികളുടെ വിദ്യാഭ്യാസത്തിനും അദ്ദേഹം സംഭാവന ചെയ്യുന്നു.