തിരുവനന്തപുരം - കോടതി ഉത്തരവ് നടപ്പാക്കാത്ത സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ കേസ്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിനെതിരെയാണ് കേസ് എടുത്തത്. കഞ്ചാവ് കേസില്‍ ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയ പ്രതിക്കെതിരെ കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് ആരോപണം.
സിറ്റി പോലീസ് മേധാവി അടുത്ത മാസം ആറിന് നേരിട്ട് എത്തുകയോ വിശദീകരണം നല്‍കുകയോ വേണം. തിരുവനന്തപുരം ഒന്നാം അഡി. സെഷന്‍സ് ജഡ്ജി സനില്‍കുമാറിന്റെതാണ് ഉത്തരവ്.
2018 ല്‍ വട്ടിയൂര്‍ക്കാവ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഏക പ്രതി സഞ്ചിത് കോടതിയില്‍നിന്നു ജാമ്യം നേടിയ ശേഷം ഒളിവില്‍ പോയി. പ്രതിക്കു ജാമ്യം നിന്നവരെ കോടതി വിളിപ്പിച്ചു. പ്രതി സ്ഥലത്തു തന്നെ ഉണ്ടെന്നും പോലീസ് അറസ്റ്റ് ചെയ്യാന്‍ കൂട്ടാക്കുന്നില്ലെന്നും ജാമ്യക്കാരില്‍നിന്നു മനസ്സിലാക്കിയ കോടതി, വട്ടിയൂര്‍ക്കാവ് പോലീസ് മുഖേന വാറന്റ് നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി.
എന്നാല്‍ പോലീസ് വാറന്റ് നടപ്പാക്കിയില്ല. തുടര്‍ന്നു കോടതി സിറ്റി പോലീസ് കമ്മീഷണറോടും നിര്‍ദേശിച്ചു. ഇതിനു കോടതിയില്‍ കമ്മീഷണര്‍ക്കു പകരം വിശദീകരണം നല്‍കിയത് കന്റോണ്‍മെന്റ് അസി.കമ്മിഷണര്‍ ആയിരുന്നു. റിപ്പോര്‍ട്ടില്‍ പ്രതിയെ പിടിക്കാത്തതിനു വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയില്ല. തുടര്‍ന്നാണ് കോടതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)