ദമസ്‌കസ്- തുര്‍ക്കിയിലും സിറിയയിലും കനത്ത നാശം വിതച്ച ഭൂചനലത്തില്‍ അവിശ്വസനീയ രക്ഷപ്പെടലുകളുടെ തുടര്‍ക്കഥകള്‍. സിറിയയില്‍ ഏഴു വയസ്സായ ഒരു പെണ്‍കുട്ടി തന്റെ ഇളയ സഹോദരനെ ചേര്‍ത്തുപിടിച്ച് രക്ഷിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഭൂചലനത്തില്‍ തകര്‍ന്ന് കെട്ടിടത്തിന്റെ അവിശഷ്ടങ്ങള്‍ക്കടിയില്‍ 17 മണിക്കുര്‍ കുടുങ്ങിക്കിടന്ന ഇരുവരേയും ജീവനോടെ ആശുപത്രിയിലെത്തിച്ചു.
യുഎന്‍ പ്രതിനിധി മുഹമ്മദ് സഫയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. ഏകദേശം 17 മണിക്കൂറോളം കുടുങ്ങിക്കിടന്ന സഹോദരനും സഹോദരിയും സുരക്ഷിതരായി പുറത്തെത്തിയെന്നും ഇത്തരത്തിലുള്ള പോസിറ്റീവ് ചിത്രങ്ങളും ഷെയര്‍ ചെയ്യണമെന്നും അദ്ദേഹം ഫോട്ടോക്ക് അടിക്കുറിപ്പ് നല്‍കി. പെണ്‍കുട്ടി മരിച്ചിരുന്നുവെങ്കില്‍ എല്ലാവരും ഫോട്ടോ ഷെയര്‍ ചെയ്യും. രക്ഷപ്പെടലിന്റെ ഫോട്ടോകള്‍ കൂടി ഷെയര്‍ ചെയ്ത് സമൂഹത്തിന് പോസിറ്റീവ് ഊര്‍ജം പകരണമെന്ന് അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളിലും ഭൂചലനത്തില്‍ മരണ സംഖ്യ പതിനായിരത്തിലേക്ക് അടുക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തിരച്ചില്‍ തുടരുന്നു. സിറിയയില്‍ ഭൂചലനത്തില്‍ മരിച്ച സ്ത്രീയില്‍നിന്ന് പൊക്കിള്‍ കൊടി മുറിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)