ചെന്നൈ-തൊണ്ണൂറുകളില്‍ തെന്നിന്ത്യയില്‍ തിളങ്ങിയ താരമാണ് ഭാനുപ്രിയ. ആന്ധ്ര സ്വദേശിയായ താരം കുച്ചിപ്പുടി നര്‍ത്തകിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി 155 ഓളം ചിത്രങ്ങളില്‍ ഭാനുപ്രിയ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രം 'രാജശില്‍പി'യിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. സെറ്റില്‍ എത്തിയാല്‍ താന്‍ ഡയലോഗുകള്‍ മറക്കും. രണ്ട് വര്‍ഷമായി ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നു എന്നാണ് തെലുങ്ക് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നത്.
എനിക്ക് ഈയിടെയായി സുഖമില്ല. ഓര്‍മ്മ ശക്തി കുറയുന്നു. പഠിച്ച ചില ഇനങ്ങള്‍ ഞാന്‍ മറന്നു. പിന്നീട് നൃത്തത്തോടുള്ള താല്‍പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ല,' ഭാനുപ്രിയ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് ഓര്‍മക്കുറവ് അനുഭവപ്പെടുന്നുണ്ട്.'
അടുത്തിടെ ഒരു സിനിമാ ലൊക്കേഷനില്‍ വച്ച് ഡയലോഗുകള്‍ മറന്നു. ഓര്‍ത്തിരിക്കേണ്ട പലതും ഞാന്‍ മറക്കുകയാണ്. 'സില നേരങ്ങളില്‍ സില മണിധര്‍കള്‍' എന്ന തമിഴ് സിനിമയില്‍ ഞാന്‍ അഭിനയിച്ചു. ആക്ഷന്‍ എന്ന് പറഞ്ഞപ്പോള്‍ ലൊക്കേഷനില്‍ കയറി, ഡയലോഗുകളെല്ലാം മറന്നുപോയി.'
തനിക്ക് സമ്മര്‍ദ്ദമോ വിഷാദമോ ഇല്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ ശരിയല്ല അദ്ദേഹം ഹൈദരാബാദിലും താന്‍ ചെന്നൈയിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഹൈദരബാദില്‍ നിന്നും ചെന്നൈയിലേക്കുള്ള സ്ഥിരം യാത്രക്കള്‍ പ്രയാസമായതിനാലാണ് ചെന്നൈയില്‍ താമസമാക്കിയത്' എന്നാണ് ഭാനുപ്രിയ പറയുന്നത്.