പരിശുദ്ധ റമദാൻ നോമ്പിലെ ഒരെണ്ണം വർഷത്തിൽ ഞാനെടുക്കുന്നുണ്ട്. റമദാനിലെ ഏറ്റവും ശ്രേഷ്ഠമാക്കപ്പെട്ട 27-ാം രാവിലെ നോമ്പാണ് ഞാനെടുക്കുന്നത്. നോമ്പ് എടുക്കണമെന്ന ആഗ്രഹം നേരത്തെ ഉണ്ടായിരുന്നു. കൂടെയുള്ള സഹോദരങ്ങൾ ഒരു മാസം നോമ്പ് എടുക്കുന്നതിന് പിന്നിലുള്ള ത്യാഗങ്ങളെക്കുറിച്ച് നമുക്കും അറിയണം.
എന്നാൽ അതിന് പല കാരണങ്ങളാൽ സാധിച്ചില്ല.അവിചാരിതമായി ഒരു നോമ്പുതുറയിൽ പങ്കെടുത്തത് മുതലാണ് ഞാൻ റമദാൻ കാലത്ത് ഒരു നോമ്പെങ്കിലുമെടുക്കാൻ തീരുമാനിച്ചത്.
റമദാനിലെ പുണ്യമാക്കപ്പെട്ട 27-ാം രാവിലെ ദിനം തന്നെ അതിന് തെരഞ്ഞെടുക്കുകയും ചെയ്തു. പന്ത്രണ്ട് വർഷമായി ഇതു തുടരുന്നു. ഈ വർഷവും ഞാൻ ആ 27-ാം നോമ്പിനായുള്ള പ്രതീക്ഷയിലാണ്.
2006 ൽ ലാൽജോസ് സംവിധാനം ചെയ്ത് ഞാൻ നായകനായി അഭിനയിച്ച അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ ഷൂട്ടിംഗ് പീരുമേട്ടിൽ നടക്കുകയാണ്. അതൊരു നോമ്പുകാലത്താണ്. ഷൂട്ടിംഗ് സ്ഥലത്തൊന്നും അധികം വീടുകളോ കടകളോ ഉണ്ടായിരുന്നില്ല. ആകെ വീടിനോട് ചേർന്നൊരു ചായക്കട മാത്രം.
വീടിന് ഒരുവാതിലും ചായക്കടക്ക് മറ്റൊരു വാതിലുമാണ്. ഞാനും തിരക്കഥാകൃത്ത് ബാബു ജനാർദ്ദനനും കൂടി ആ ചായക്കടയിലേക്ക് കയറി. സത്യത്തിൽ ഞങ്ങൾ മുട്ടിവിളിച്ചത് ചായക്കടയിലായിരുന്നില്ല. വീട്ടിലായിരുന്നു.
വീടിന്റെ വാതിൽ തുറന്നതും തീന്മേശയിൽ വിഭവ സമൃദ്ധമായ ഭക്ഷണം വിളമ്പിയിരിക്കുന്നു.
ഹോട്ടലല്ല എന്ന് ഞങ്ങൾക്ക് ബോധ്യമായി.ഒരു സൽക്കാരത്തിന്റെ പ്രതീതി.അപ്പോഴാണ് ഞങ്ങൾ അറിയുന്നത് അതൊരു മുസ്‌ലിം കുടുംബമാണെന്നും മരുമകനെ നോമ്പ് തുറപ്പിക്കുന്നതിന് വിളിച്ചതാണെന്നും. എന്തുചെയ്യണമെന്നറിയാതെ നിന്നുപോയി. ഞങ്ങളെ കണ്ടതും അവർ ഹൃദ്യമായി സ്വീകരിച്ചു. അസ്തമയ ബാങ്ക് വിളിയോടെ അവരോടൊപ്പം ഭക്ഷണം കഴിച്ചു. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞ് വ്രതമെടുത്ത അവരും ഞങ്ങളും ഒരുമിച്ചു ഭക്ഷണം കഴിച്ചതു മുതൽ എന്റെ മനസ്സിൽ ചിലത് ഉറപ്പിച്ചു. അന്ന് മുതലാണ് ഞാൻ ആ തീരുമാനമെടുത്തത്. റമദാനിൽ ഒരു നോമ്പെങ്കിലും എടുക്കണം.
സംഭവം സെറ്റിലറിഞ്ഞു. എന്റെ ആഗ്രഹം അറിഞ്ഞ നടി ഉഷയാണ് പറഞ്ഞത് റമദാനിൽ ഏറ്റവും പുണ്യമുളള 27-ാം രാവിലെ നോമ്പ് എടുത്താൽ മതിയെന്ന്. അങ്ങനെ ആ വർഷം തൊട്ട് റമദാനിലെ എല്ലാ 27-ാം രാവിലെ നോമ്പും ഞാനെടുത്തുതുടങ്ങി. നാദിർഷയടക്കമുളള സുഹൃത്തുക്കളുടെ വീടുകളിൽ നോമ്പു തുറക്കാൻ പോയി. ഈ വർഷവും 27-ാം രാവിലെ നോമ്പിന് വേണ്ടി കാത്തിരിക്കുകയാണ്.
മുസ്‌ലിം സഹോദരങ്ങളപ്പോലെ വെളുപ്പിനു ആഹാരം കഴിച്ചാണ് എന്റെ നോമ്പ് തുടങ്ങുക. ഷൂട്ടിങും മറ്റു പ്രോഗ്രാമുകളും ഒഴിവാക്കും. റമദാൻ വ്രതം നമ്മുടെ ശരീരത്തിനും മനസ്സിനും ആത്മനിർവൃതി നൽകുന്ന ഒന്നാണെന്ന് ആദ്യ നോമ്പിലൂടെ തന്നെ എനിക്ക് ബോധ്യമായി.
ഒരു മതാനുഷ്ഠാന കർമം എന്നതിലപ്പുറം റമദാൻ നോമ്പ് പട്ടിണി കിടക്കുന്നവന്റെ വേദന എന്തെന്ന് നമ്മെ ബോധ്യപ്പെടുത്തി തരുന്നു.
പ്രതിബന്ധങ്ങളെ തരണം ചെയ്യാനും ഹൃദയ ശുദ്ധിവരുത്താനും ഉപകരിക്കുന്നു.
ആഹാരം കഴിക്കാതെ കുറച്ചു നേരമൊക്കെ നിൽക്കാറുണ്ടെങ്കിലും രാവിലെ മുതൽ വൈകുന്നേരം വരെ വിശപ്പ് എന്താണെന്ന് അറിഞ്ഞ്, വിശ്രമം കൊടുക്കാത്ത ഒരവയവത്തിന് വിശ്രമം കൊടുത്ത്, വയറിനെക്കുറിച്ചോ ആഹാരത്തെക്കുറിച്ചോ ചിന്തിക്കാത്ത ഒരു ദിവസം. നൻമകൾ ഏറെയുണ്ട് റമദാൻ വ്രതത്തിലെന്ന് ബോധ്യമാവുന്നു.
സംവിധായകൻ സിദ്ദീഖ് ചെറിയ കുട്ടിയായിരിക്കുമ്പോൾ നോമ്പു തുടങ്ങിയ ആളാണ്.
തിരക്കിനിടയിലും നോമ്പിന് ഒരു മുടക്കവും വരുത്തുന്നില്ല. നോമ്പിന് കഴിഞ്ഞ വർഷം സുഹൃത്തായ നാദിർഷയുടെ വീട്ടിലായിരുന്നു.
ഈ വർഷത്തെ എന്റെ നോമ്പ് തുറ താമസിക്കുന്നതിനടുത്തുള്ള പള്ളിയിൽ നിന്നാക്കണമെന്നാണ് നിശ്ചയിച്ചിട്ടുള്ളത്. മൂന്നു മുസ്‌ലിം പള്ളികളാണ് ചുറ്റുമുളളത്. ആര് ആദ്യം വിളിക്കുന്നുവോ അവിടെ പോയി സഹോദരങ്ങൾക്കൊപ്പം ചേർന്ന് നോമ്പ് തുറക്കും.
നമ്മുടെ കൂടെയുള്ള സഹോദരങ്ങൾ ഒരു മാസം നോമ്പ് എടുക്കുന്നതിനോടുള്ള ഐക്യദാർഢ്യം കൂടിയാണ് എന്റെ ഈ ഒരു ദിവസത്തെ നോമ്പ്.
(തയാറാക്കിയത്: അഷ്‌റഫ് കൊണ്ടോട്ടി)